അതൊരു വെറും സാധാരണ ബസ് മാത്രം!

Friday 21 June 2024 10:47 AM IST

സത്യൻഅന്തിക്കാടിന്റെ 'നാടോടിക്കാറ്ര്"എന്ന ഹിറ്റ്ചിത്രത്തിൽ, തൊഴിൽരഹിതരായ ദാസനെയും വിജയനെയും പശുവളർത്തലിന് പ്രേരിപ്പിക്കാൻ ശങ്കരാടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്- 'പ്രത്യേകിച്ച് ചെലവൊന്നുമില്ല, ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്...." അടിയന്തരപ്രമേയ അവതരണത്തെ എതിർത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽനടത്തിയ പ്രസംഗംകേട്ടപ്പോൾ ഈ സംഭാഷണമാണ് ഓർമ്മയിലെത്തിയത്. സർക്കാരിന്റെ ആർഭാടത്തെക്കുറിച്ച് പി.സി. വിഷ്ണുനാഥിന്റെ ആക്ഷേപങ്ങൾക്കുള്ള ബാലഗോപാലിന്റെ മറുപടിയാണ് ശങ്കരാടി ശൈലിയെ അനുസ്മരിപ്പിച്ചത്. നവകേരള സദസിനു വേണ്ടി വാങ്ങിയത് ഒരു സാദാ ബസ്, ക്ലിഫ് ഹൗസിൽ നടത്തിയത് സാദാ അറ്റകുറ്റപ്പണി, മന്ത്രിമാരുയോഗിക്കുന്നതാണെങ്കിൽ സാദാ സൗകര്യങ്ങൾ....


അതുകൊണ്ടും തീർന്നില്ല, ബാലഗോപാലിന്റെ വിശദീകരണം. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ വാങ്ങിയ ബസിന് ബോയിംഗ് വിമാനത്തിന്റെ സൗകര്യങ്ങളുണ്ടെന്നായിരുന്നു ആക്ഷേപം. ആ ബസിപ്പോൾ ബംഗളൂരു- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്നു. അയൽസംസ്ഥാനമായ കർണാടകയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് പ്രതിപക്ഷാംഗങ്ങളെ ഉത്തരം മുട്ടിക്കാൻ മന്ത്രി ശ്രമിച്ചത്. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ദിവസം അവിടെ കൂട്ടി. 90 പേർക്കാണ് കർണാടകയിൽ ക്യാബിനറ്റ് പദവി. പ്രമുഖ നേതാക്കളെ ചികിത്സിക്കുന്ന ഡോക്ടമാർക്കു പോലും അവിടെ ക്യാബിനറ്റ് പദവിയുണ്ട്. ഇതു വല്ലതും ഇവിടത്തെ പ്രതിപക്ഷം അറിയുന്നുണ്ടോ? മുഖ്യമന്ത്രിക്കെതിരെ 'അവൻ" പ്രയോഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് ബാലഗോപാലിന് ദേഷ്യമില്ല, കാരണം സുധാകരൻ പ്രതിപക്ഷ നേതാവിനെക്കുറിച്ച് പറഞ്ഞതുവച്ച് നോക്കുമ്പോൾ ഇത് അത്ര വലുതല്ലെന്നാണ് അദ്ദേഹത്തിന്റ ആശ്വാസം.


പക്ഷെ കെ.പി.സി.സി പ്രസിഡന്റിനെ പരിഹസിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അത്രപിടിച്ചില്ല. ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയല്ലേ നിങ്ങളുടെ മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചതെന്നായി സതീശൻ. മുഖ്യമന്ത്രി പലകാലത്തായി ഉയോഗിച്ച മൂന്നുനാല് വാക്കുകൾ അൺപാർലമെന്ററിയായതിനാൽ അതൊന്നും സഭയിൽ പറയുന്നില്ലെന്ന് മാന്യനായ പ്രതിപക്ഷ നേതാവ് വിശദമാക്കി. വിവരദോഷിയെന്ന് അഭിവന്ദ്യനായ പിതാവിനെ വിളിച്ചപ്പോൾ ആ പാവം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അല്ലാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ആരെയും കണ്ടില്ലല്ലോ. പാവം റിയാസ് വന്നുപറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും വിവരദോഷിയെന്ന് വിളിച്ചതിൽ തെറ്റില്ലെന്നും. മുഖ്യമന്ത്രിയെ രക്ഷിക്കാൻ മന്ത്രി റിയാസ് അല്ലാതെ വേറെ മന്ത്രിമാരെയോ എം.എൽ.എമാരെയോ ആരെയും കണ്ടില്ല. റിയാസെങ്കിലും ഉണ്ടായത് ഭാഗ്യമെന്നും പ്രതിപക്ഷ നേതാവ് പരിഹാസ രൂപേണ പറഞ്ഞു.


വാക്ക്ഔട്ടിനു മുമ്പ് ചെറിയൊരു ഉദേശം നൽകാനാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുതിർന്നത്. സർക്കാരിന് പണത്തിന് കുറവുണ്ടെന്നത് സത്യം. പണത്തിന് കുറവുണ്ടെങ്കിൽ ഉള്ള പണം എന്തിനുവേണ്ടിയൊക്കെ ചെലവഴിക്കണമെന്ന പ്രയോറിറ്റി വേണം. യു.ഡി.എഫിന്റെ കാലത്ത് ഇത്തരം സന്ദർഭങ്ങളിൽ മുൻഗണനാക്രമം പുനർനിശ്ചയിച്ചിരുന്നതും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.


കൗടില്യന്റെ അർത്ഥശാസ്ത്രത്തെ കൂട്ടുപിടിച്ചാണ് ചരിത്രപാണ്ഡിത്യമുള്ള ഐ.ബി.സതീഷ് ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തത്. ലോക് സഭാതിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിന് ഉന്മാദത്തിന്റെ നീരുറവ പൊട്ടിയതാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണമെന്നായിരുന്നു സതീഷിന്റെ ആക്ഷേപം.സ്റ്റുഡിയോ മുറിയിലെ ചർച്ചയിൽ പങ്കെടുക്കുന്ന ഉത്തരത്തിലെ പല്ലികളുടെ പ്രതികരണം തങ്ങൾ കണക്കാക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹത്തിന് ഇടതുപക്ഷം നേരിട്ട തോൽവിയിലും നല്ല ശുഭാപ്തിവിശ്വാസമാണുള്ളത്,​ ഞങ്ങൾ ശൈത്യത്തെ അതിജീവിക്കും വരാനുള്ളത് വസന്തകാലം!

പുതിയ മന്ത്രിയായി എത്തുന്ന ഒ.ആർ കേളുവിനെ മുൻകൂട്ടി സ്വാഗതം ചെയ്യാനുള്ള വിശാല മനസ് കാട്ടിക്കൊണ്ടാണ് എൽദോസ് പി. കുന്നപ്പിള്ളിൽ ചർച്ചയിൽ പങ്കെടുത്തത്. കൂട്ടത്തിൽ ദേവസ്വം വകുപ്പിന്റെ ചുമതല കൂടി കിട്ടിയ മന്ത്രി വി.എൻ. വാസവനിട്ടൊരു കുത്തും. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന് പറയും പോലെയാണ് പപ്പയുടെ സ്വന്തം വാസവൻ എന്നായിരുന്നു എൽദോസിന്റെ പ്രതികരണം.

മണിപ്പൂരിലെ കുരിശടി തകർന്നടിഞ്ഞതിന്റെയും തട്ടമിട്ട പെൺകുട്ടിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി 'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ"എന്ന വാചകവുമായി തിരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് പുറത്തിറക്കിയ പരസ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് നജീബ് കാന്തപുരം കത്തിക്കയറിയത്.വടകരയിലെ കാഫിർ പ്രയോഗവും കോഴിക്കോട്ടെ ഇക്ക പ്രയോഗവും പോലുള്ള ഉഡായിപ്പ് നടത്തിയതിനാണ് ഇടതില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ജനം പഠിപ്പിച്ചതെന്നും നജീബ് പരിഹസിച്ചു.

Advertisement
Advertisement