ദേശീയ പരീക്ഷകളുടെ വിശ്വാസ്യത തകർക്കരുത്

Friday 21 June 2024 10:49 AM IST

അങ്ങേയറ്റം സത്യസന്ധവും സുതാര്യവുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ഏതു തലത്തിലെയും പരീക്ഷകളുടെ നടത്തിപ്പുരീതി എന്നാണ് പൊതുസങ്കല്പമെങ്കിലും, പരീക്ഷകളുമായി ബന്ധപ്പെട്ട സംശയങ്ങളും ആക്ഷേപങ്ങളും പുതിയതല്ല. എന്നാൽ,​ മെഡിക്കൽ പ്രവേശന യോഗ്യത നിർണയിക്കുന്ന നീറ്റ് പരീക്ഷയും,​ അദ്ധ്യാപക നിയമന യോഗ്യത പരിശോധിക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയും പോലെ അഖിലേന്ത്യാ തലത്തിൽ നടത്തപ്പെടുന്ന ഉന്നത പരീക്ഷകളുമായി ബന്ധപ്പെട്ട മറിമായങ്ങളും ചോദ്യക്കടലാസ് ചോർച്ചയും മൂല്യനിർണയത്തെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും കേസുകളും അത്ര സാധാരണമല്ല. ചില പ്രത്യേക കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷയെഴുതിയവർക്ക് കൂട്ടത്തോടെ ഒന്നാം റാങ്കും മുഴുവൻ മാർക്കും ലഭിച്ചതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങൾക്കും,​ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ആ കേന്ദ്രങ്ങളിൽ പുന:പരീക്ഷ നിർദ്ദേശിക്കപ്പെട്ടതിനും പിന്നാലെ,​ കഴിഞ്ഞ ദിവസം നടന്ന യു.ജി.സി നെറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ സംശയിക്കപ്പെട്ടതു കാരണം കേന്ദ്ര സർക്കാർ ആ പരീക്ഷ പൂർണമായും റദ്ദാക്കുക കൂടി ചെയ്തതോടെ രാജ്യത്തെ ഉന്നത പരീക്ഷകളുടെ നടത്തിപ്പുരീതി തന്നെ സംശയങ്ങളുടെ കരിനിഴലിലായിരിക്കുന്നു.

നീറ്റ് ചോദ്യക്കടലാസ് ചോർന്നെന്നും പരീക്ഷയിൽ തിരിമറി നടന്നെന്നും ആരോപിച്ചുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുകയും,​ പരീക്ഷാ നടത്തിപ്പിൽ 0.001 ശതമാനം പിഴവുണ്ടായാൽപ്പോലും അതീവഗൗരവത്തോടെ സമീപിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നെയായിരുന്നു,​ രാജ്യത്തെ 1205 കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേർ എഴുതിയ യു.ജി.സി നെറ്റ് പരീക്ഷ. അതു കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ തികയും മുമ്പാണ് ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആ പരീക്ഷ റദ്ദാക്കുകയും അന്വേഷണം സി.ബി.ഐയെ ഏല്പിക്കുകയും ചെയ്തത്. നീറ്റ് പരീക്ഷയെച്ചൊല്ലിയുള്ള ആക്ഷേപങ്ങളോടെ തന്നെ സംശയത്തിന്റെ നിഴലിലായ എൻ.ടി.എയുടെ നിലനില്പു തന്നെ ചോദ്യംചെയ്യുന്നതും,​ 'കള്ളൻ കപ്പലിൽത്തന്നെ" എന്ന സംശയത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നതാണ് യു.ജി.സി നെറ്റ് പരീക്ഷ സംബന്ധിച്ചുമുണ്ടായ ആക്ഷേപം.

എന്തായാലും,​ നീറ്റ് ആക്ഷേപങ്ങളുയർന്നപ്പോൾ വിചിത്ര ന്യായീകരണങ്ങളുമായി രംഗത്തെത്തിയ എൻ.ടി.എ,​ നെറ്റ് പരീക്ഷയുടെ കാര്യത്തിൽ എന്തെങ്കിലും വിശദീകരണവുമായി ഇറങ്ങുന്നതിനു മുമ്പുതന്നെ സർക്കാർ നേരിട്ട് ഇടപെട്ട് പരീക്ഷ റദ്ദാക്കിയത് ഉചിതമായി. നെറ്റ് പരീക്ഷ റദ്ദാക്കാൻ ഇടയാക്കിയ ക്രമക്കേടുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ,​ ഇക്കഴിഞ്ഞ ജൂൺ 12-ന് നാലുവർഷ ബി.എഡ് പ്രോഗ്രാമിലേക്ക് എൻ.ടി.എ തന്നെ നടത്തിയ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റും സാങ്കേതിക പ്രശ്നങ്ങളെ തുട‌ർന്ന് ഏജൻസിക്ക് റദ്ദാക്കേണ്ടിവന്നിരുന്നു. അന്ന് 29,​000 വിദ്യാർത്ഥികളെഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്. ഈ കൂട്ടക്കുഴപ്പങ്ങളെല്ലാം പരിഗണിക്കുമ്പോൾ,​ ദേശീയതലത്തിൽ പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വലിയ പരീക്ഷകൾ കാര്യക്ഷമതയോടെയും,​ പരാതികൾക്ക് ഇടയില്ലാത്ത വിധവും നടത്താനുള്ള എൻ.ടി.എയുടെ ശേഷിയെക്കുറിച്ചാണ് സംശയമുയരുന്നത്.

നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള സൂചനകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചത്,​ രാജ്യത്ത് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്ര് (ഐ4സി)​ ആണ്. രാജ്യത്ത് പൊതുവെ സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത് ആശങ്കാജനകമാണെങ്കിലും,​ ഉന്നതപരീക്ഷകളുടെ നടത്തിപ്പിലെ സൈബർ ക്രൈം അതീവഗുരുതരമാണ്. രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യതയെയും,​ നമ്മുടെ സർവകലാശാലകൾ നല്കുന്ന ഉന്നതബിരുദ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെയും മൂല്യത്തെയും പോലും സംശയത്തിന്റെ നിഴലിലാക്കുന്ന തട്ടിപ്പുകളെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമായിത്തന്നെ കണ്ട് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.