ഉറക്കത്തിൽ ഇടയ്ക്കിടയ്ക്ക് ഞെട്ടിയുണരുന്നതിന് കാരണം; സൂക്ഷിച്ചില്ലെങ്കിൽ മരണം പോലും സംഭവിക്കാം

Friday 21 June 2024 11:44 AM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി രാത്രി സമയങ്ങളിൽ മുംബയ് ഉൾപ്പടെയുളള നഗരങ്ങളിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം രാത്രി സമയങ്ങളിൽ മുംബയിലെ താപനില 25 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാകുന്നുവെന്നതാണ്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ മഴ തുടരുകയാണെങ്കിലും രാത്രി സമയങ്ങളിൽ അതിയായ ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ജനങ്ങളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

ക്ലൈമ​റ്റ് സെൻട്രൽ നടത്തിയ പഠനത്തിലേതാണ് വിവരങ്ങൾ. കാലാവസ്ഥാ വ്യതിയാനം രാത്രികാലങ്ങളിലെ ചൂട് വർദ്ധനവിന് കാരണമാകും. ഇത് ഇന്ത്യയുൾപ്പെടുളള രാജ്യങ്ങളിലുളളവരുടെ ഉറക്കത്തിന്റെ നിലവാരത്തെയും അതിലൂടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. ഇത് തുടരുകയാണെങ്കിൽ മാനസികാരോഗ്യം, ഓർമശക്തി എന്നിവ കുറയ്ക്കുന്നതിനും, മരണസാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന എയർകണ്ടീഷണറുകൾ പോലുളള സംവിധാനമില്ലാത്തവരെയും ഈ പ്രശ്നം ഗുരുതരമായി ബാധിക്കും.

രാത്രികാലങ്ങളിലെ താപനില പകൽ സമയങ്ങളെക്കാൾ കൂടുതലാണെന്നാണ് കണ്ടെത്തൽ. കൽക്കരി,കോൾ തുടങ്ങിയ ഇന്ധനങ്ങൾ വ്യാപകമായി കത്തിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്നാണ് പറയുന്നത്.

കണക്കുകൾ പ്രകാരം രാജ്യത്തെ രാത്രി സമയങ്ങളിലെ താപനിലയിൽ ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഡൽഹിയിൽ രാത്രി സമയത്ത് ഏ​റ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജൂൺ 12നായിരുന്നു. അന്ന് 35.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 1969 മുതൽ രാജ്യത്തെ ഏ​റ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന ഇന്ത്യൻ നഗരമെന്ന് പേരും ഡൽഹിക്കാണ്. 2018നും 2023നും ഇടയിൽ കേരളം, കർണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ജമ്മുകാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം വർഷത്തിൽ 50 മുതൽ 80 അധികം ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. മെട്രോ സി​റ്റിയായ മുംബയുടെ അവസ്ഥയും ദയനീയമാണ്. ആഗോളതാപനം മൂലം ഇവിടെയും അധികം ചൂടാണ് അനുഭവപ്പെടുന്നത്.

ജൽപായ്ഗുരി, ഗുവാഹത്തി, സിൽച്ചാർ,ദിബ്രുഡ്, സിലിഗുരി എന്നീ നഗരങ്ങളിലും പ്രതിവർഷം 25 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില രാത്രി സമയങ്ങളിൽ അനുഭവപ്പെടാറുണ്ട്. അതുപോലെ സാധാരണ താപനില വളരെ കുറഞ്ഞ സ്ഥലങ്ങളായ ഗ്യാംഗ്‌ടോക്ക്, ഡാർജലീംഗ്, ഷിംല, മൈസൂർ, തുടങ്ങിയ സ്ഥലങ്ങളിലെയും താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടക്കാറുണ്ട്.

Advertisement
Advertisement