'എന്റെ ഓഫീസിൽ ഒരേയൊരു ഓട്ടോഗ്രാഫേ ഫ്രെയിം ചെയ്‌തുവച്ചിട്ടുള്ളൂ, അത് ഒരു മലയാളി താരത്തിന്റേതാണ്'; വിജയ് സേതുപതിയുടെ വെളിപ്പെടുത്തൽ

Friday 21 June 2024 11:54 AM IST

വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമായ 'മഹാരാജ' കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. സിനിമ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കശ്യപ്, മംമ്‌ത മോഹൻദാസ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.നിതിലൻ സാമിനാഥൻ ആണ് കഥ എഴുതി,​ സംവിധാനം ചെയ്‌തത്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ തന്റെ ഓഫീസിൽ ഫ്രെയിം ചെയ്‌തുവച്ച ഒരു സൂപ്പ‌ർസ്റ്റാറിന്റെ ഓട്ടോഗ്രാഫിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.

തന്റെ ഓഫീസിൽ ഒരേയൊരു ഓട്ടോഗ്രാഫേ ഫ്രെയിം ചെയ്‌തുവച്ചിട്ടുള്ളൂവെന്നും അത് മോഹൻലാലിന്റേത് ആണെന്നുമാണ് വിജയ് സേതുപതിയുടെ വെളിപ്പെടുത്തൽ. മംമ്ത മോഹൻദാസും പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു. മോഹൻലാലിനെ ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

വിജയ് സേതുപതിയുടെ വാക്കുകൾ


'എനിക്ക് മോഹൻലാൽ സാറിനെ വലിയ ഇഷ്ടമാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിൽ അദ്ദേഹം ഉണ്ടെന്നറിഞ്ഞു. ഞാൻ പെർമിഷൻ എടുത്ത്, അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി. അത് എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വച്ചിരിക്കുകയാണ്. എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വച്ച ഒരേയൊരു ഓട്ടോഗ്രാഫ് അദ്ദേഹത്തിന്റേതാണ്.'- വിജയ് സേതുപതി വ്യക്തമാക്കി.

താൻ മോഹൻലാലിന്റെ വലിയൊരു ഫാനാണെന്ന് മുമ്പും മക്കൾ സെൽവൻ എന്ന് ആരാധകർ വിളിക്കുന്ന വിജയ് സേതുപതി വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement