'കേളു  തമ്പ്രാൻ നയത്തിന്റെ  ഇര, ലീഗ് പോലും നടത്താത്ത പ്രീണനമാണ് സിപിഎം നടത്തിയത്'

Friday 21 June 2024 2:01 PM IST

പാലക്കാട്: പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കാൻ പോകുന്ന ഒ ആർ കേളു സിപിഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേളുവിനെ മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 'കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണം. പട്ടിക വർഗക്കാരോടുള്ള നീതിനിഷേധമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറൂ. അതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

എസ്എൻഡിപി, ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്റെ പരാമർശം പ്രകോപനപരമാണ്. സിപിഎമ്മിന്റെ ഭീകര തോൽവിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണ്. ഇത് യാഥാർത്ഥ്യവുമായി ചേർന്നതല്ല. വെള്ളാപ്പള്ളിക്കെതിരെ പ്രകോപനകരമായ പരാമർശമാണ് എംവി ഗോവിന്ദൻ നടത്തിയത്. മുസ്ലീങ്ങൾ എങ്ങനെ വോട്ട് ചെയ്തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദൻ വിലയിരുത്താത്?മുസ്ലിം പ്രീണനമാണ് സിപിഎം നടത്തിയത്. സഖാവ് എളമരം കരീം എന്നതിന് പകരം കരീമിക്ക എന്ന് ഉപയോഗിച്ചത് വർഗീയ പ്രീണനത്തിന്റെ ഭാഗമാണ്.

പ്രചാരണത്തിലെല്ലാം മുസ്ലീം ജനവിഭാഗത്തിന്റെ പേര് പറഞ്ഞാണ് വോട്ട് ചോദിച്ചത്. മുസ്ലീം സഖാക്കൾ യുഡി എഫിനെ പിന്തുണച്ചു. അത് എന്തുകൊണ്ടാണെന്ന് പറയാതെ ഗോവിന്ദൻ മൗനം പാലിക്കുകയാണ്. മുസ്ലീം പ്രീണനം നടത്തിയതാണ് മുസ്ലീം സഖാക്കളുടെ വോട്ട് ചോരാൻ കാരണം. മുസ്ലീം സഖാക്കളുടെ വോട്ട് ചില മുസ്ലീം സംഘടനകൾ ചേർന്നാണ് സമാഹരിച്ചത്. ലീഗ് പോലും നടത്താത്ത പ്രീണനമാണ് സിപിഎം നടത്തിയത്. വർഗീയ പ്രീണനം തുടർന്നാൽ സിപിഎമ്മിന് നിലനിൽപ്പുണ്ടാകില്ല'- അദ്ദേഹം പറഞ്ഞു.

Advertisement
Advertisement