'സിപിഐയുടെ വിമർശനങ്ങളെ കാര്യമായി കാണുന്നില്ല, സിപിഎം വിമുക്ത കേരളം കോൺഗ്രസ് ആഗ്രഹിക്കുന്നില്ല'
കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐയുടെ വിമർശനങ്ങളെ വലിയ കാര്യമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കാണ് അർഹതയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യാ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 'വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കാണ് അർഹത. കോൺഗ്രസ് വിമുക്ത ഭാരതം പോലെ സിപിഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിപിഎമ്മിനെ ബാധിച്ച പ്രശ്നം ഒരാൾക്കു പോലും പാർട്ടിയിൽ തുറന്നു പറയാൻ പറ്റാത്തതാണ്. അതുകൊണ്ടാണ് പാർട്ടി അണികൾ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നത്'- വേണുഗോപാൽ പറഞ്ഞു.
അതേസമയം, ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും മുൻപ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിനോയ് വിശ്വം തീരുമാനം അറിയിച്ചത്.