വോട്ടിംഗ് യന്ത്രം പുനപരിശോധിക്കണം, ബിജെപി സ്ഥാനാർത്ഥി കെട്ടിവച്ചത് 18.90 ലക്ഷം രൂപ

Friday 21 June 2024 5:25 PM IST

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി വോട്ടിംഗ് യന്ത്രം പരിശോധിക്കാനായി കെട്ടിവച്ചത് ലക്ഷങ്ങൾ. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയായ സുജയ് വിഖേ പാട്ടീലാണ് 18.90 ലക്ഷം രൂപ വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കാൻ കെട്ടിവച്ചത്. എൻ‌സിപിയുടെ നീലേഷ് ലങ്കെയോട് 28,929 വോട്ടുകൾക്കാണ് സുജയ് പാട്ടീൽ തോറ്റത്. പിന്നാലെതന്നെ 40 ഇവിഎമ്മുകളുടെ മൈക്രോ കൺട്രോളർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അപേക്ഷ നൽകിയത്.

പാ‌ർനെർ, ശ്രീഗൊണ്ട നിയമസഭാ മണ്ഡലത്തിലെ 10 ഇവിഎമ്മുകൾ വീതവും ഷെവ്‌ഗാവൊൻ, രഹൂരി, അഹമ്മദ് നഗർ സിറ്റി, കർജാത്ത് ജംഖേഡ് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് വീതം ഇവിഎമ്മുകളും പരിശോധിക്കണം എന്നാണ് സുജയ് വിഖേ പാട്ടീൽ ആവശ്യപ്പെടുന്നത്. പാർട്ടി പ്രവർത്തകരുടെ അഭിപ്രായവും സമഗ്രമായ വിശകലനത്തിന് ശേഷവുമാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് സുജയ് വ്യക്തമാക്കി.

ഏപ്രിൽ 26ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാനാർത്ഥികൾക്ക് ഒരു അസംബ്ളി മണ്ഡലത്തിലെ അഞ്ച് ശതമാനം ഇവിഎമ്മുകളിൽ ഘടിപ്പിച്ച മൈക്രോകൺട്രോള‌ർ ചിപ്പുകൾ പരിശോധിക്കാൻ ഇലക്ഷൻ കമ്മിഷന് നിശ്ചിത ഫീസടച്ചാൽ മതിയാകും. ഇത്തരത്തിലാണ് സുജയ് വിഖേ പാട്ടീൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വോട്ടിംഗ്‌യന്ത്രത്തിന് 40,000 രൂപയും ജിഎസ്‌ടിയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച തുക. അതേസമയം സുജയ് ആരോപണങ്ങൾ ഉന്നയിച്ചത് അടിസ്ഥാനരഹിതമാണെന്ന് നീലേഷ് ലങ്കെ പ്രതികരിച്ചു. തോൽവി സുജയ് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement