ഗർഭിണിയെ നോർത്ത് സി.ഐ അടിച്ചെന്ന് പരാതി; വ്യാജ പരാതിയെന്ന് പൊലീസ്
കൊച്ചി: ഭർത്താവിന്റെ അറസ്റ്റിനെക്കുറിച്ച് തിരക്കിയെത്തിയ ഗർഭിണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റെന്ന് പരാതി. മൂന്നു മാസം ഗർഭിണിയായ തൃശൂർ സ്വദേശിനി ഷിജിമോളാണ് നോർത്ത് സി.ഐ സിബി ടോം കരണത്തടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഭർത്താവ് ബെൻജോയെക്കുറിച്ച് തിരക്കിയെത്തിയതായിരുന്നു.
വൈകുന്നേരം ആശുപത്രിയിൽ പോകാൻ ഒരുങ്ങവേ തന്റെ മുന്നിൽ നിന്ന് ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോഴാണ് കാര്യമറിയാനായി ചെന്നതെന്നും 'ആളെക്കൂട്ടി വന്ന് പ്രശ്‌നമുണ്ടാക്കുന്നോടീ" എന്ന് ചോദിച്ചാണ് സി.ഐ കരണത്തടിച്ചതെന്നും യുവതി പറഞ്ഞു. സംഭവ സമയത്ത് തന്റെ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു.
യുവതി പിന്നീട് സ്വയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ബെൻജോ മുമ്പും പല കേസുകളിലും പ്രതിയായിരുന്നെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ അറിയിച്ചു.
വ്യാജ പരാതി: സി.ഐ
പരാതി വ്യാജമാണെന്ന് സി.ഐ സിബി ടോം കേരളകൗമുദിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ''കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ ബെനഡിക്ട് നഗറിലുള്ള ഒരു ലോഡ്ജിൽ പ്രശ്‌നമുണ്ടായെന്ന പരാതിയെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തി. മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന നേരത്ത് ഈ ലോഡ്ജിനു സമീപം മറ്റൊരു ലോഡ്ജ് നടത്തുന്ന ബെൻജോ അവിടെയെത്തി പൊലീസിൽ നിന്ന് യുവാക്കളെ മോചിപ്പിച്ചു. കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇന്നലെ രാത്രി സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് പിടികൂടിയത്. ഇതിനു പിന്നാലെയാണ് ഷിജിമോൾ ആളുകളെ കൂട്ടി സ്റ്റേഷനിൽ എത്തിയത്. സ്‌റ്റേഷനിലെ വാതിൽ തള്ളിത്തുറന്ന് ഇവർ ബഹളം വയ്ക്കുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ആ സമയത്ത് ഇവരെ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.""