മഴ സീനില്‍  ഉള്ളില്‍ ധരിക്കാന്‍ ഒന്നുമില്ലായിരുന്നു, ഒടുവില്‍ ചെയ്തത് വെളിപ്പെടുത്തി നടി ശോഭന

Friday 21 June 2024 8:40 PM IST

ചെന്നൈ: ഏതൊക്കെ നടിമാര്‍ വന്നാലും ശരി മലയാളികളുടെ മനസ്സില്‍ ശോഭനയ്ക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ശോഭനയെപ്പോലെ മലയാളികള്‍ ആരാധിക്കുന്ന മറ്റൊരു നടിയുണ്ടോയെന്നതും സംശയമാണ്. അഭിനയം കൊണ്ടും നൃത്തം കൊണ്ടും ശ്രദ്ധേയയാണ് താരം ഇന്നും. 1980കളില്‍ മലയാളി സിനിമയിലേക്ക് എത്തിയ ശോഭന അധികം വൈകാതെ തന്നെ മുന്‍നിര നടിമാരുടെ പട്ടികയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര നടന്‍മാരുടെ നായികയായും താരം തിളങ്ങി നിന്നു. മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമ തന്റേതാക്കി മാറ്റാന്‍ അവിശ്വസനീയമായ അഭിനയത്തിലൂടെ നടിക്ക് കഴിഞ്ഞിരുന്നു. മലയാളികളെ ഒന്നടങ്കം ആരാധകരാക്കി മാറ്റാനും ഗംഗ എന്ന കഥാപാത്രത്തിലൂടെ ശോഭനയ്ക്ക് സാധിച്ചു.ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും അവരെ തേടിയെത്തി.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും വളരെ ശ്രദ്ധേയയാണ് ശോഭന. ഇപ്പോഴിതാ രജനീകാന്ത് നായകനായി അഭിനയിച്ച ശിവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള നടിയുടെ തുറന്ന് പറച്ചിലാണ് സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നത്. രജനീകാന്ത് വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും സിനിമയില്‍ ഒരു മഴ സീനാണ് ആദ്യം ഷൂട്ട് ചെയ്തതെന്നും താരം പറയുന്നു. ഈ ഷൂട്ടിനിടെ ഉണ്ടായ ഒരു അനുഭവമാണ് താരം വെളിപ്പെടുത്തുന്നത്.

ട്രാന്‍സ്പരന്റായ വെള്ള സാരിയാണ് ഈ സീനില്‍ തന്റെ വസ്ത്രം. എന്നാല്‍ ഉള്ളില്‍ ധരിക്കാന്‍ ഒന്നും തന്നെ തന്നിരുന്നില്ലെന്നും അതേക്കുറിച്ച് അപ്പോള്‍ തന്നെ സെറ്റില്‍ ചോദിച്ചുവെന്നും നടി പറയുന്നു. തിരിച്ച് വീട്ടിലോ പുറത്തോ പോയി അത് സജ്ജമാക്കാനുള്ള സമയവും ഇല്ലായിരുന്നു, അല്‍പ്പസമയത്തിനകം സീന്‍ ഷൂട്ട് ചെയ്യാന്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച ഒരു കൊലപാതകം പോലെയാണ് ആ സമയത്ത് തോന്നിയത്.

എന്നാല്‍ തനിക്ക് ആ വലിയ പ്രൊഡക്ഷനോട് ഒരു ഉത്തരവാദിത്തമുണ്ടായിരുന്നു, ഷൂട്ട് നടക്കുന്ന എവിഎം സ്റ്റുഡിയോയില്‍ പ്ലാസ്റ്റിക്കിന്റെ ഒരു ടേബിള്‍ ക്ലോത്ത് ഉണ്ടായിരുന്നുവെന്നും അത് എടുത്ത് അടിപ്പാവാടയുടെ ഉള്ളില്‍ ധരിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ഷൂട്ട് തുടങ്ങി രജനി സാര്‍ തന്നെ കയ്യിലെടുത്തപ്പോള്‍ പ്ലാസ്റ്റിക്കിന്റെ ശബ്ദം കേട്ടുവെന്നും ശോഭന പറയുന്നു. അദ്ദേഹത്തിന്റെ അപ്പോഴത്തെ മുഖഭാവം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും അപ്പോള്‍ ഭയം തോന്നിയെന്നും നടി പറയുന്നു. എന്നാല്‍ ഇന്ന് വരെ അക്കാര്യം അദ്ദേഹം ആരോടും പറഞ്ഞില്ലെന്നും ശോഭന പറഞ്ഞു.