ജനവികാരവും തിരിച്ചറിവും

Saturday 22 June 2024 12:43 AM IST

തിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ അസാധാരണമല്ല. ഒരിക്കൽ ജയിക്കുന്നവർ എല്ലായ്‌പ്പോഴും അതാവർത്തിക്കണമെന്നുമില്ല. അതുപോലെ തന്നെ ഒരിക്കൽ തോൽക്കുന്ന മുന്നണി പിന്നീട് അതിശക്തമായി തിരിച്ചുവന്നെന്നുമിരിക്കും. പക്ഷേ,​ ഓരോ തോൽവിക്കും പല പാഠങ്ങളും പകർന്നു നൽകാനാവും. കേന്ദ്രത്തിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ചത്ര വിജയം ഹിന്ദി ഹൃദയഭൂമികളിൽ നേടാനായില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കർഷക സമരത്തോട് കേന്ദ്ര സർക്കാർ കാണിച്ച വിപ്രതിപത്തിയാണ്. അത് അവർ തിരിച്ചറിഞ്ഞു എന്നു തെളിയിക്കുന്നതാണ് മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷം കർഷകർക്കും കാർഷിക മേഖലയുടെ ഉണർവിനും വേണ്ടി തുടക്കത്തിൽത്തന്നെ എടുത്ത തീരുമാനങ്ങൾ. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിക്ക് തുക അനുവദിച്ചതും,​ നെല്ലിന്റെയും മറ്റും താങ്ങുവില ഉയർത്തിയതും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. തോൽവിയുടെ കാരണങ്ങൾ ഒന്നൊന്നായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയതിന്റെ സൂചനയാണത്.

കേരളത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെല്ലാം സി.പി.എം സംസ്ഥാന സമിതി വിലയിരുത്തിക്കഴിഞ്ഞതായാണ് പാർട്ടി സെക്രട്ടറി അറിയിച്ചത്. സ്വാഭാവികമായും ഇനി തിരുത്തൽ നടപടികളാണ് സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരു കേഡർ പാർട്ടി എന്ന നിലയിൽ പരാജയത്തിന് എന്തെല്ലാം കാരണങ്ങളുണ്ടായി എന്നത് വിശദമായി ചർച്ചചെയ്ത‌ാലും അതിന്റെ പൂർണമായ വിശദാംശങ്ങൾ പുറത്തുവരാറില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം പാർട്ടിക്ക് വേണ്ടവിധത്തിൽ മനസിലാക്കാനായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

ഭരിക്കുന്ന സർക്കാരിനെ ജനങ്ങൾ വെറുക്കാനിടയാക്കുന്ന ഘടകങ്ങളിൽ പ്രധാനം,​ പലപ്പോഴും രാഷ്ട്രീയത്തിനപ്പുറം സാമ്പത്തിക കാര്യങ്ങളാണ്. ഇപ്പോൾത്തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമാണ് വൈദ്യുതി ചാർജ്. അതിനിയും കൂട്ടില്ല എന്നുള്ള ഒരു ഉറപ്പ് നൽകാൻ ഈ സർക്കാരിന് ഇനിയെങ്കിലും കഴിയുമോ?

ആവശ്യത്തിനും അനാവശ്യത്തിനുമുള്ള കരാറുകളിലൂടെ കോടികൾ കെ.എസ്.ഇ.ബിയിൽ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. ഇതിന്റെയെല്ലാം ഭാരം ഉപഭോക്താവാണ് താങ്ങേണ്ടത്. അവരുടെ ഭാരം കുറയ്‌ക്കാൻ ഈ ഇടതുപക്ഷ മുന്നണി സർക്കാർ എന്തെങ്കിലും ചെയ്‌തോ? അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മറ്റ് ബൂർഷ്വാ സർക്കാരുകളെപ്പോലെ അവരും വൈദ്യുതി ചാർജ് കൂട്ടുകയാണ് ചെയ്‌തത്. ഇതിന് ഒരു മറുമരുന്നായി മാറാവുന്ന സോളാർ ഊർജ്ജത്തിന്റെ വിനിയോഗം വ്യാപിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പറയത്തക്ക യാതൊരു പ്രോത്സാഹനവും ഉണ്ടായില്ല. സോളാർ വൈദ്യുതിക്ക് പല വിലകൾ ചുമത്തി അതും തകർക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഇത് തടയേണ്ട ഉത്തരവാദിത്വം പാർട്ടിക്കും മുഖ്യമന്ത്രിക്കുമാണുള്ളത്. അത് തടയാത്തതിന്റെ കാരണങ്ങളിലേക്ക്, അത് ഇരുണ്ട മുറികളിലേക്ക് നയിക്കുമെന്നതിനാൽ ആരും കടക്കാറില്ല! അപ്പോൾ പറയാം,​ ഈ ആധുനിക കാലത്ത് വിദ്യുച്ഛക്തിക്ക് കൂടുതൽ വിലയൊക്കെ ഈടാക്കേണ്ടിവരുമെന്ന്. ഇതേ ആധുനിക കാലത്താണ് ആം ആദ്‌മി പാർട്ടി ഡൽഹിയിൽ വൈദ്യുതി ചാർജ് പകുതിയായി കുറച്ചത്. യഥാർത്ഥത്തിൽ അത് ആദ്യം ചെയ്യേണ്ടത് ഒരു ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് സർക്കാരല്ലേ?

കെ.എസ്.ഇ.ബിയിലെ അഴിമതിയും ദുർവ്യയവും ഇല്ലാതാക്കിയാൽത്തന്നെ ഇതിന്റെ പകുതി നിരക്കിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ മാത്രമേ മുഖ്യമന്ത്രി ശൈലി മാറ്റി എന്ന് ജനങ്ങൾ തിരിച്ചറിയൂ. അല്ലാതെ മുഖ്യമന്ത്രിയുടെ ഇരിപ്പിലും നടപ്പിലും വർത്തമാനത്തിലുമുള്ള മാറ്റമല്ല യഥാർത്ഥ ശൈലി മാറ്റം. അതുപോലെ,​ ഇടതു സർക്കാർ വീണ്ടും വന്നപ്പോൾ ഒരുപാട് ചെറുപ്പക്കാർ പി.എസ്.സി വഴി തങ്ങൾക്ക് കൂടുതൽ ജോലി കിട്ടുമെന്ന് ആശിച്ചുപോയി. അവരിൽ ചിലർ വഴിയരികിൽ നിന്ന് പുല്ലു തിന്നുപോലും സമരം നടത്തിയിട്ട് തിരിഞ്ഞുനോക്കാതെ കരാർ നിയമനങ്ങളുമായി മുന്നോട്ടുപോയ ഒരു സർക്കാർ ജനങ്ങളിൽ നിന്ന് അകന്നില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതു പോലെ,​ ആരോഗ്യ രംഗത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഓരോ വർഷവും മെഡിക്കൽ കോളേജുകളിൽ നിന്ന് നൂറുകണക്കിന് ഡോക്ടർമാരാണ് പിരിയുന്നത്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നടന്നിട്ട് എട്ടു വർഷമായി. ആരോഗ്യരംഗം നാഥനില്ലാക്കളരിയായി മറിയാൽ ഏതു സർക്കാരും ജനങ്ങളിൽ നിന്ന് അകന്ന് ഐ.സിയുവിലാകും!

ഇതൊക്കെ തിരിച്ചറിയാൻ ഒരു തിരഞ്ഞെടുപ്പു പരാജയം കഴിഞ്ഞ് ചർച്ചചെയ്യേണ്ട കാര്യം പോലുമില്ല. മികച്ച ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയ്ക്ക് റേഷൻകടകളിലൂടെയും സപ്ളൈകോയിലൂടെയും വിതരണം നടത്തിയാൽത്തന്നെ ജനങ്ങൾ സർക്കാരിനോട് അടുത്തുനിൽക്കും. രൂക്ഷമായ വിലക്കയറ്റം തടയാൻ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിർഭാഗ്യകരമാണെങ്കിലും ജനങ്ങൾ അനുഭവിച്ച വസ്‌തുതയാണത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് റവന്യൂ വകുപ്പിലാണെന്നാണ് സർക്കാരിന്റെ തന്നെ വിജിലൻസ് വകുപ്പ് നൽകുന്ന സൂചന. ഈ വകുപ്പ് ഭരിക്കുന്നത് സി.പി.ഐയുടെ പ്രതിനിധിയാണ്. ഇതു തടയാൻ ഫലപ്രദമായ എന്തു നടപടിയാണ് ആ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ക്ഷേമനിധിയും മറ്റ് പെൻഷനുകളുമൊക്കെ ലഭിക്കുന്നത് സമൂഹത്തിലെ ഏറ്റവും പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് അതൊക്കെ മുടക്കിയത് ഭരണത്തിലിരിക്കുന്നവർക്കല്ലാതെ മറ്റാർക്കും ന്യായീകരിക്കാനാവില്ല. സർക്കാർ ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും കുടിശ്ശികയും മറ്റും തടഞ്ഞുവയ്ക്കുന്നത് ഒരു സർക്കാരിന്റെ പ്രവർത്തനത്തിനും ഗതിവേഗം നൽകാൻ ഉതകുന്നതല്ല. ഇതൊക്കെ തിരുത്തുന്ന നടപടികളാണ് ഈ സർക്കാരിൽ നിന്ന് ഒന്നിനു പിറകെ മറ്റൊന്നായി ഉണ്ടാകേണ്ടത്.

ഇതൊക്കെ തിരുത്താനുള്ള ശക്തിയും ആർജ്ജവവും കൈമുതലായുള്ള സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭ എന്ന് ഇപ്പോഴും ജനങ്ങളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നുണ്ട്. അത് സാർത്ഥകമാക്കാൻ ഈ തിരഞ്ഞെടുപ്പ് തോൽവിയിലെ പാഠങ്ങൾ ഉത്തേജകമായി മാറുമെന്ന് പ്രതീക്ഷിക്കാം. അതുപോലെ,​ പരമ്പരാഗതമായി പാർട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന ഈഴവ സമുദായത്തിന്റെ വോട്ടുകളിലും മുസ്ളിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വോട്ടുകളിലും ചോർച്ചയുണ്ടായതായും പാർട്ടി വിലയിരുത്തിയിട്ടുണ്ട്. 'വെള്ളം കോരാൻ ഈഴവർ, കുല വെട്ടാൻ മാടമ്പി" എന്ന രീതിയിൽ പാർട്ടിയിൽ സംഭവിച്ച മാറ്റമാണ് ഇതിനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞാൽ ചോർച്ച ഇപ്പോഴെങ്കിലും അടയ്ക്കാൻ ഇനിയും വഴികളുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ല. അതിൽ എല്ലാ പാർട്ടികളിലും പ്രവർത്തിക്കുന്നവർ അംഗങ്ങളായുണ്ട്. ബി.ഡി.ജെ.എസ് സ്വതന്ത്രമായ ഒരു രാഷ്ട്രീയ കക്ഷിയാണ്. അവർ ബി.ജെ.പിയുടെ കൂടെ നിൽക്കുന്നത് അവരുടെ സ്വതന്ത്രമായ നിലപാടിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വന്തം പാർട്ടികളാകാമെങ്കിൽ ഇതും പാടില്ലെന്ന് പറയാനാകില്ല. ഈഴവർ അകലുന്നത് തടയാൻ എന്ത് തിരുത്തലാണ് പാർട്ടി ഇനി നടത്താൻ പോകുന്നതെന്ന് വർത്തമാനത്തിലൂടെയല്ല,​ നടപടികളിലൂടെയാണ് തെളിയിക്കേണ്ടത്.

Advertisement
Advertisement