ഗവ.മെഡിക്കൽ കോളേജിലെ ബി.കാത്ത് ലാബ് ഇന്ന് ഉച്ചയോടെ സജ്ജമാകും ‌‌‌പൂർണപരിഹാരത്തിന് ഇനിയും കാക്കണം

Friday 21 June 2024 9:44 PM IST

പരിയാരം: കാത്ത് ലാബുകൾ പ്രവർത്തനരഹിതമായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലുണ്ടായ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരവുമായി അധികൃതർ. ഒരു വർഷമായി അടഞ്ഞുകിടക്കുന്ന ബി.കാത്ത് ലാബിൽ പുതിയ രണ്ട് ഒന്നര ടൺ എ.സികൾ സ്ഥാപിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത്. ഇതിന് ശേഷം അടിയന്തര ശസ്ത്രക്രിയകൾ നടത്താനാണ് തീരുമാനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.

നിലവിൽ ബി.കാത്ത് ലാബിൽ പത്തുലക്ഷം ചിലവിൽ 20 ടൺ എ.സി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. സി കാത്ത് ലാബ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജൂൺ 30 ഓടെ പ്രവൃത്തിപ്പിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

അത്യാസന്നനിലയിലുള്ളവർക്ക് ഡിസ്ചാർജ്

150 രോഗികളെ കിടത്താൻ സൗകര്യമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ 126 പേരാണ് കഴിഞ്ഞ ദിവസം വരെ അഡ്മിറ്റ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള 55 രോഗികളെ ഇതിനകം ഡിസ്ചാർജ് ചെയ്തു. മറ്റ് ചികിത്സ ആവശ്യമുള്ള 71 രോഗികൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നുണ്ട്.

സ്വകാര്യ മേഖലയ്ക്ക് കൊയ്ത്

മെഡിക്കൽ കോളേജിലെ മൂന്ന് കാത്ത് ലാബുകളും പണിമുടക്കിയതോടെ സ്വകാര്യാശുപത്രികൾക്ക് കൊയ്തായിട്ടുണ്ട്. ഇപ്പോൾ ബൈപാസ് സർജറി നടത്താൻ സ്വകാര്യ ആശുപത്രികളാണ് രോഗികൾ ആശ്രയിക്കുന്നത്.

സംശയാസ്പദമെന്ന് ജനകീയാരോഗ്യവേദി

ഇതിനിടെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനായി മന: പൂർവ്വം അറ്റകുറ്റപ്പണി നടത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്നോട്ടു പോയതായി ജനകീയാരോഗ്യ വേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ ആരോപിച്ചു. സി കാത്ത് ലാബ് സ്ഥാപിച്ച് പത്തു ദിവസത്തിനകം അതിന്റെ ഒരു ഭാഗം തകർത്ത് 10 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ പ്രതികളെ പിടികൂടാതെ കേസ് അവസാനിപ്പിച്ചതും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.

കാത്ത് ലാബ് എ

15 വർഷത്തെ പ്രവർത്തനത്തിന് ശേഷം ഉപയോഗശൂന്യം

കാത്ത് ലാബ് ബി

പന്ത്രണ്ട് വർഷം പഴക്കം. എ.സി തകരാറായതിനാൽ ഒരു വർഷമായി അടച്ചിട്ട നിലയിൽ

കാത്ത്ലാബ് സി

രണ്ടരവർഷം പഴക്കം. ഫ്യൂറോസ്കോപ്പിക് ട്യൂബ് കേടായതിനാൽ ഒരാഴ്ച മുമ്പ് തകരാറിൽ.മാറ്റിസ്ഥാപിക്കാൻ ആറ്റോമിക് എനർജി വകുപ്പിന്റെ അനുമതി ആവശ്യം.

Advertisement
Advertisement