ചോദ്യപേപ്പർ ചോർച്ച; സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റി
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ ജൂൺ 25 മുതൽ 27വരെ നടത്താൻ തീരുമാനിച്ചിരുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യവും ചില സാങ്കേതിക കാരണങ്ങളും കാരണം മാറ്റിവയ്ക്കുന്നെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചത്. പുതിയ തീയതി csirnet.nta.ac.inൽ ഉടൻ പ്രഖ്യാപിക്കും.
നീറ്റ്, യൂ.ജി.സി നെറ്റ് പരീക്ഷാ പേപ്പർ ചോർച്ചയോടെ ടെസ്റ്റിംഗ് ഏജൻസി പ്രതിക്കൂട്ടിലായിരിക്കയാണ്. സി.എസ്.ഐ.ആർ (കൗൺസിൽ ഒഫ് സയറ്റിഫിക് ആൻഡ് ഇൻസ്ട്രിയൽ റിസർച്ച് ) നെറ്റ് പരീക്ഷ നീട്ടാൻ ഇതാണ് കാരണമെന്നാണ് സൂചന.
അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ച അടക്കം അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ,പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുണ്ടെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച അവധിക്കാല ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. അവധി കഴിഞ്ഞ് ജൂലായ് എട്ടിന് എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ബെഞ്ച് പരിഗണിക്കും. മേയ് അഞ്ചിന്റെ മെയിൻ പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുള്ളതിനാൽ പുനഃപരീക്ഷ തടയുന്നതിൽ കാര്യമില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
1,563 പേർക്കായി ഞായറാഴ്ച എൻ.ടി.എ നടത്തുന്ന പുനഃപരീക്ഷയും ജൂലായ് ആറിന് തുടങ്ങുന്ന മെഡിക്കൽ കൗൺസലിംഗും മാറ്റിവയ്‌ക്കണമെന്ന ഹർജികളിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു.
നിശ്ചയിച്ച കൗൺസലിംഗ് നടത്തുമെന്നാണ് സർക്കാരിന്റെയും നിലപാട്.