സുപ്രീംകോടതി നിരീക്ഷണം, നീ​റ്റ് ​റ​ദ്ദാ​ക്കു​ന്ന  സ്ഥി​തി​ ​വ​രാം,​ ജൂലായ് 8 നിർണായകം

Saturday 22 June 2024 4:45 AM IST

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ച അടക്കം അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ,പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുണ്ടെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച അവധിക്കാല ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. അവധി കഴിഞ്ഞ് ജൂലായ് എട്ടിന് എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ബെഞ്ച് പരിഗണിക്കും. മേയ് അഞ്ചിന്റെ മെയിൻ പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുള്ളതിനാൽ പുനഃപരീക്ഷ തടയുന്നതിൽ കാര്യമില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

1,563 പേർക്കായി ഞായറാഴ്ച എൻ.ടി.എ നടത്തുന്ന പുനഃപരീക്ഷയും ജൂലായ് ആറിന് തുടങ്ങുന്ന മെഡിക്കൽ കൗൺസലിംഗും മാറ്റിവയ്‌ക്കണമെന്ന ഹർജികളിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു.

നിശ്ചയിച്ച കൗൺസലിംഗ് നടത്തുമെന്നാണ് സർക്കാരിന്റെയും നിലപാട്.

കൗൺസലിംഗ് അനുവദിക്കരുതെന്ന അഭ്യർത്ഥന നിരസിച്ച ജസ്റ്റിസ് ഭാട്ടി,​ അത് തുടർപ്രക്രിയ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവേശന നടപടികൾ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതിനിടെ നീറ്റ്, നെറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡൽഹി പി.സി.സി അദ്ധ്യക്ഷൻ ദേവേന്ദർ യാദിവിന്റെ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണിത്.

വമ്പൻമാരെ തിരഞ്ഞ്

ബീഹാർ പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ രാജ്യവ്യാപക ബന്ധമുള്ള വൻ മാഫിയയെന്ന് ബീഹാർ പൊലീസ്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മുഖ്യകണ്ണികളെന്ന് കരുതുന്ന അതുൽ വത്സയ്, അൻഷുൽ സിംഗ് എന്നിവരെ തിരയുകയാണ്. ചോദ്യപേപ്പർ ചോർത്തൽ കേസുകളിൽ മുൻപും പ്രതിയായ നളന്ദ സ്വദേശി സഞ്ജീവ് സിംഗിനു വേണ്ടിയും തിരച്ചിൽ തുടരുന്നു. ഇവരെ പിടികൂടിയാൽ,​ അതിസുരക്ഷാ സംവിധാനങ്ങളോടെ എൻ.ടി.എ കൈകാര്യം ചെയ്യുന്ന ചോദ്യപേപ്പർ എങ്ങനെ ചോർന്നെന്ന് അറിയാനാകും. എൻ.ടി.എ ഉന്നതർ അറിയാതെ ചോർത്താനാവില്ലെന്ന് പൊലീസ് കരുതുന്നു.

നെറ്റ് ചോദ്യപേപ്പർ

വില 6 ലക്ഷം വരെ

കഴിഞ്ഞ ദിവസം റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ ടെലിഗ്രാം ചാനലുകളിൽ ആറ് ലക്ഷം രൂപയ്ക്ക് വരെ വില്പനയ്ക്ക് വച്ചെന്ന് കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഈ ചാനലുകൾ ബ്ളോക്ക് ചെയ്തെന്ന് ടെലിഗ്രാം അറിയിച്ചു. ചോദ്യങ്ങൾക്ക് ഒരു ലക്ഷം മുതൽ ആറ് ലക്ഷം രൂപവരെ വിലയിട്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഡാർക്ക് വെബ് ശൃംഖലയുമായി ബന്ധപ്പെട്ട മാഫിയകളാണ് ഇതിന് പിന്നിൽ. സി.ബി.ഐ അന്വേഷണം തുടങ്ങി.

യോഗാ പരിപാടി

ഉപേക്ഷിച്ച് മന്ത്രി

പരീക്ഷാ ക്രമക്കേടിനെത്തുടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന ഡൽഹി സർവ്വകലാശാലയുടെ യോഗാദിന പരിപാടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒഴിവാക്കി. ഇന്നലെ രാവിലെ 6ന് നിശ്ചയിച്ച പരിപാടി അടിയന്തര ജോലി കാരണം ഒഴിവാക്കിയെന്നാണ് വിശദീകരണം.