ഗവ. മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: പൊലീസ് സുരക്ഷയോടെ യു.ഡി.എസ്.എഫ് പത്രിക നൽകി

Friday 21 June 2024 11:17 PM IST

പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു -എം.എസ്.എഫ് പ്രവർത്തകർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 29 ന് നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിലേക്കും പ്രവർത്തകർ പത്രിക നൽകിയിട്ടുണ്ട്. സംഘർഷാവസ്ഥയെ തുടർന്ന് നൂറുകണക്കിന് പൊലീസുകാരുടെ സുരക്ഷയിലാണ് വിദ്യാർത്ഥികൾ പത്രിക സമർപ്പിക്കാനെത്തിയത്.

പുറത്തുനിന്നുള്ള ഡി.വൈ.എഫ്.ഐ -സി.പി.എം പ്രവർത്തകരുടെ ഭീഷണി നേരിടാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എം.എസ്.എഫ്, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് കാമ്പസിലെത്തി. ഇവരെ തളിപ്പറമ്പ് ഡിവൈ.എസ്.പി പി.പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. നാമനിർദ്ദേശപത്രിക നൽകുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് പൊലീസിന്റെ തീരുമാനത്തിന് പ്രവർത്തകർ വഴങ്ങി. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം തിരികെ പുറത്തിറങ്ങിയ കെ.എസ്.യു -എം.എസ്.എഫ് പ്രവർത്തകരും പുറത്തുനിന്നുള്ള എസ്.എഫ്.ഐ -സി.പി.എം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയും നടന്നതോടെ പൊലീസ് കർശനമായ നിലപാട് സ്വീകരിച്ചു.

1993ന് ശേഷം ആദ്യമായിട്ടാണ് ഇവിടെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകൾ പത്രിക നൽകുന്നത്. കഴിഞ്ഞ 18നാണ് സർവകലാശാലയിൽ കെ.എസ്.യു -എം.എസ്.എഫ് സംഘടനകളുടെ യൂണിറ്റുകൾ രൂപീകരിച്ചത്. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ഇ.മുഹമ്മദ് ജാസിറിന്(25) പരിക്കേറ്റിരുന്നു. കാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്.

Advertisement
Advertisement