പരിപാലനമില്ല; അനാഥമായി ആഴാംകോണത്തെ നീന്തൽക്കുളം

Saturday 22 June 2024 1:25 AM IST

കല്ലമ്പലം: ദേശീയ പാതയോടു ചേർന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം ആഴാംകോണത്തെ നീന്തൽക്കുളം തുറന്ന് പ്രവർത്തിക്കാതായിയിട്ട് മാസങ്ങളായി. കരവാരം പഞ്ചായത്തിലെ 2010-15 സാമ്പത്തിക വർഷത്തിൽ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ഏകദേശം 96 ലക്ഷം രൂപ ചെലവഴിച്ചാണ് രാജ്യാന്തര നിലവാരത്തിൽ നീന്തൽക്കുളവും അനുബന്ധ കെട്ടിടവും നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായവും പദ്ധതിക്കായി ലഭിച്ചിരുന്നു. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ നിരവധി നീന്തൽതാരങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു ഈ നീന്തൽക്കുളം.

2014ൽ ദ്രോണാചാര്യ അവാർഡ് ജേതാവ് എസ്.പ്രദീപ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ദേശീയ നീന്തൽ താരം സാജൻ പ്രകാശാണ് കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2020-ൽ ലാഭത്തിലായിരുന്നു പ്രവർത്തനം. 50 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും നിർമ്മിച്ച കുളത്തിൽ ആർക്കും നീന്താം. പ്രത്യേക പരിശീലകനെയും നിയോഗിച്ചിരുന്നു. മുതിർന്നവർക്ക് ആയിരം രൂപയും വിദ്യാർത്ഥികൾക്ക് 750 രൂപയും ആയിരുന്നു പ്രതിമാസ ഫീസ്. രാവിലെയും വൈകിട്ടും 8 ബാച്ചുകൾക്കാണ് പരിശീലനം നൽകിയിരുന്നത്.

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി

വിവിധ സർക്കാർ വകുപ്പുകളിൽ ജോലിക്ക് ശ്രമിക്കുന്നവരും കുട്ടികളും മുതിർന്നവരും പരിശീലനം നേടിയിരുന്നു. കൊവിഡ് എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. കൊവിഡ് സമയം കഴിഞ്ഞും നീന്തൽക്കുളത്തിന്റെ നവീകരണത്തിനോ അനുബന്ധ പ്രവർത്തനങ്ങൾക്കോ നിലവിലെ ഭരണസമിതിക്ക് താത്പര്യമില്ലെന്നാണ് ആക്ഷേപം. നിലവിലുണ്ടായിരുന്ന നീന്തൽ പരിശീലകനെ മാറ്റി മറ്റൊരാളെ നിയമിച്ചതും പുതിയ നിയമഭേദഗതിക്ക് സർക്കാർ അംഗീകാരം ലഭിക്കാത്തതും ഇതിന്റെ പ്രവർത്തനത്തിന് തിരിച്ചടിയായി.

നൂറിലേറെ പേർ വന്നിരുന്നു

വേനൽ അവധിക്കാലത്ത് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പരിശീലനത്തിന് എത്തിയിരുന്നത്. മുൻ ഭരണസമിതി 5 വർഷത്തെ പദ്ധതിയിൽ നിന്ന് കണ്ടെത്തിയ 57,63,369 രൂപ, ലോകബാങ്ക് സഹായം വഴി ലഭിച്ച 10 ലക്ഷം രൂപ, ജില്ല ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നു ലഭിച്ച 20 ലക്ഷം രൂപ, സ്പോർട്സ് കൗൺസിലിൽ നിന്നും ലഭിച്ച 5 ലക്ഷം രൂപ, കൂടാതെ തനത് ഫണ്ടിൽ നിന്നുളള 3,38,519 രൂപ ഉൾപ്പെടെ 96 ലക്ഷം രൂപയാണ് ഈ നീന്തൽക്കുളത്തിനായി ചെലവഴിച്ചത്. അത്യാധുനിക ഫിൽട്രേഷൻ സൗകര്യമുള്ള നീന്തൽക്കുളത്തിൽ കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനുമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

വൻ സജ്ജീകരണം ഉണ്ടായിരുന്നിട്ടും പാഴായി

പൂളിന്റെ പ്രവർത്തനം പൂർണ്ണമായും സൗരോർജം ഉയോഗിച്ച് നടത്തുന്നതിനുള്ള പദ്ധതിയും ഉണ്ട്. ഇവയെല്ലാം ഇപ്പോൾ പാഴായ നിലയിലാണ്. പഞ്ചായത്ത് ഭരണസമിതിയുടെ താത്പര്യമില്ലായ്മ നിമിത്തം മാസങ്ങളായി ഈ നീന്തൽക്കുളം അടച്ചിട്ടിരിക്കുകയാണ്. നീന്തൽക്കുളത്തിലെ അറ്റകുറ്റപ്പണി നടത്താത്തതുമൂലവും ജലം മാറ്റാത്തതുമൂലവും കുളം ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. കൂടാതെ കുളത്തിന് ചുറ്റും പുൽച്ചെടികൾ നിറഞ്ഞ് കാടായി മാറിയിട്ടുണ്ട്.

Advertisement
Advertisement