ചരിത്രം; ചെനാബ് പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യൻ റെയിൽവേ

Saturday 22 June 2024 1:07 AM IST

മുംബയ്: ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽ പാലമായ കാശ്മീരിലെ ചെനാബ് റെയിൽപ്പാലത്തിലൂടെ ആദ്യ ട്രെയിൻ വിജയകരമായി കടന്നുപോയി. റെയിൽവേ നടത്തിയ പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ട്രെയിൻ കടന്നുപോയി. രംബാൻ - ബാരാമുള്ള സർവീസാണ് നടന്നത്. ഇതോടെ എല്ലാ സുരക്ഷ പരിശോധനകളും പൂർത്തിയായി. ഉത്തര റെയിൽവേ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ചെനാബ് പാലത്തെ വിശേഷിപ്പിക്കുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുണ്ട് പാലത്തിന്.

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് നദി ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലകളിലെ അപ്പർ ഹിമാലയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. 28,000 കോടി ചെലവിൽ പണിയുന്ന ഉധംപുർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയിൽവേയ്ക്ക് വേണ്ടി മുംബയ് ആസ്ഥാനമായുള്ള അഫ്‌കോൺസ് എന്ന കമ്പനിയാണ് പാലം പണിതത്.

പുതുതായി പണിത ചെനാബ് റെയിൽവേ പാലത്തിലൂടെ ഇന്ത്യൻ റെയിൽവേയുടെ മെമു ട്രെയിൻ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. കാശ്മീർ താഴ്വരയെക്കൂടി ഇന്ത്യൻ റെയിൽവേ നെറ്റ്‌വർക്കിന്റെ ഭാഗമാക്കാൻ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്. നിലവിൽ കന്യാകുമാരി മുതൽ കത്ര വരെയാണ് റെയിൽപ്പാതയുള്ളത്.

 ഉയരം - 1,178 അടി

 നീളം - 4,314 അടി

 ലോകത്തെ ഏറ്റവും ഉയരമേറിയ 16-ാമത്തെ പാലം

 ലോകത്തെ ഏറ്റവും നീളമേറിയ 11 - ാമത്തെ ആർച് ബ്രിഡ്ജ്

 നിർമ്മാണം പൂർത്തിയായത് 2022ൽ

Advertisement
Advertisement