അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് രാജ്യം, യോഗ ആഗോള നന്മയുടെ പ്രതിനിധി: മോദി

Saturday 22 June 2024 1:08 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്ന് മോദി ആഹ്വാനം ചെയ്‌ത മോദി ആഗോള നന്മക്കായുള്ള പ്രതിനിധി ആയാണ് യോഗയെ ലോകം കാണുന്നതെന്നും പറഞ്ഞു.

യോഗ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. യോഗയിലൂടെ നേടിയെടുത്ത ഊർജ്ജമാണ് ഇന്ന് ശ്രീനഗറിൽ കാണാൻ കഴിയുന്നത്. യോഗ കൂടുതൽ സഞ്ചാരികളെ ജമ്മുകാശ‌്‌മീരിലക്കേ് ആകർഷിക്കും. പ്രദേശവാസികൾക്ക് ഉപജീവന മാർഗമാകും. ജീവിതത്തിൽ യോഗയുടെ പ്രാധാന്യം മനസിലാക്കണം. പല്ല് തേക്കുന്നതുപോലെയും മുടി ചീകുന്നതുപോലെയും ദിനചര്യയാക്കണം. യോഗ ശീലമാകുമ്പോൾ അനേകം നേട്ടങ്ങളുണ്ടാകുന്നു. ആളുകൾ യോഗയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ദൈവത്തെ കണ്ടെത്താനുള്ള ആത്മീയ യാത്രയെന്ന് കരുതുന്നു. വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് യോഗ. വ്യക്തിത്വ വികസനം സമൂഹത്തിന്റെയും പിന്നീട് മനുഷ്യ രാശിയുടെയും നേട്ടമായി മാറും.‌ യോഗ ചെയ്യുന്ന ലോകമെമ്പാടുമുള്ളവർക്ക് മോദി ആശംസ നേർന്നു.

അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരമായ പത്തുവർഷം പിന്നിടുന്നു. വിദേശ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ലോക നേതാക്കൾ യോഗയെക്കുറിച്ച് സംസാരിക്കാറുണ്ട്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും മോദി അഭ്യർത്ഥിച്ചു. രാവിലെ 6.30ന് ദാൽ തടാകത്തിന്റെ കരയിൽ 7000 പേർ പങ്കെടുക്കുന്ന യോഗ പരിപാടിക്കാണ് തീരുമാനിച്ചിരുന്നതെങ്കിലും

മഴയെ തുടർന്ന് സമീപത്തെ ഒരു ഹാളിലേക്ക് ചുരുക്കി. മഴ മാറിയ ശേഷം ദാൽ തടാകക്കരയിലെത്തി പരിപാടിക്കെത്തിയവരെ മോദി അഭിസംബോധന ചെയ്തു. ഇവരോടൊപ്പം സെൽഫി എടുക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിലും പിന്തിരിയാത്ത ജനങ്ങളുടെ ദൃഢനിശ്ചയത്തെ മോദി അഭിനന്ദിച്ചു. ഡൽഹിയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ കേന്ദ്രമന്ത്രിമാർ യോഗാദിന പരിപാടികൾക്ക് നേതൃത്വം നൽകി. വിദേശത്ത് ഇന്ത്യൻ എംബസികളിലും ഐക്യരാഷ്ട്ര സഭയും യോഗാ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ വ്യക്തികളും സൈനികരുമടക്കം നിരവധിപേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനാചരണ ചടങ്ങുകളിൽ പങ്കെടുത്തു.

Advertisement
Advertisement