ബംഗാൾ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ച് അധീർ
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അധീർ രഞ്ജൻ ചൗധരി രാജിവച്ചു. സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേർന്ന പി.സി.സി യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.
എന്നാൽ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
രാജിക്കു പിന്നാലെ അധിർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായുള്ള എതിർപ്പ് പ്രകടിപ്പിച്ചു. ഖാർഗെ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ ആയതിനുശേഷം ബംഗാളിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ലെന്നും മുഴുവൻ സമയ പ്രസിഡന്റിനെ നിയമിക്കുമ്പോൾ അതേക്കുറിച്ച് മനസിലാകുമെന്നും ചൗധരി പ്രതികരിച്ചു.
മുർഷിദാബാദിലെ ബഹരംപുർ മണ്ഡലത്തിൽനിന്ന് അഞ്ചു തവണ എം.പിയായിട്ടുള്ള അധീർ ഇത്തവണ തൃണമൂൽ സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാനോട് പരാജയപ്പെട്ടു.
തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മമതയെ എതിർത്തിരുന്ന അധീർ
ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിന് മുൻഗണന നൽകി. മല്ലികാർജ്ജുൻ ഖാർഗെയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തിരഞ്ഞെടുപ്പിനിടെയും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം
രാജ്യസഭാ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
അധീറിന്റെ രാജി നേതൃത്വം സ്വീകരിക്കുകയാണെങ്കിൽ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഇഷാ ഖാൻ ചൗധരി എത്തുമെന്നാണ് വിവരം. ബംഗാളിലെ കോൺഗ്രസിന്റെ ഏക ലോക്സഭാ അംഗമാണ് ഇഷാ ഖാൻ ചൗധരി.