നടൻ ഡൊണാൾഡ് സതർലൻഡ് അന്തരിച്ചു

Saturday 22 June 2024 7:12 AM IST

മയാമി: പ്രശസ്ത ഹോളിവുഡ് നടൻ ഡൊണാൾഡ് സതർലൻഡ് (88) അന്തരിച്ചു. വ്യാഴാഴ്ച ഫ്ലോറിഡയിലെ മയാമിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം രണ്ട് ഗോൾഡൻ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടി. ഓസ്‌കാർ നോമിനേഷൻ ലഭിക്കാതെ പോയ മികച്ച നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. 2017ൽ ഓണററി ഓസ്കാർ ലഭിച്ചു.

1935 ജൂലായ് 17ന് കാനഡയിലെ ന്യൂബ്രൺസ്‌വിക്കിലാണ് ജനനം. റേഡിയോ ന്യൂസ് റിപ്പോർട്ടറായിരുന്ന അദ്ദേഹം 1957ൽ ലണ്ടൻ അക്കാഡമി ഒഫ് മ്യൂസിക് ആൻഡ് ഡ്രാമാറ്റിക് ആർട്ടിൽ പഠനത്തിന് ചേർന്നു. ബ്രിട്ടീഷ് സിനിമയിലും ടെലിവിഷനിലും ചെറിയ വേഷങ്ങൾ ചെയ്തു.

ദ ഡേർട്ടി ഡസൻ (1967), കെല്ലിസ് ഹീറോസ് (1970) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന സതർലൻഡ് പ്രധാന വേഷങ്ങളിലും സഹതാരമായും ശ്രദ്ധനേടി. ഫെല്ലിനിസ് കാസനോവ, ദ ഈഗിൾ ഹാസ് ലാൻഡഡ്, ആനിമൽ ഹൗസ്, ദ ഫസ്റ്റ് ഗ്രേറ്റ് ട്രെയിൻ റോബറി, ഐ ഒഫ് ദ നീഡിൽ, ജെ.എഫ്.കെ, ദ ഇറ്റാലിയൻ ജോബ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഹംഗർ ഗെയിംസ് പരമ്പരയിൽ പ്രസിഡന്റ് സ്നോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിരവധി ടെലിവിഷൻ സീരീസുകളിലും പ്രത്യക്ഷപ്പെട്ടു.

കനേഡിയൻ നടി ഫ്രാൻസൈൻ റെസെറ്റാണ് സതർലൻഡിന്റെ ഭാര്യ. അന്തരിച്ച നടി ഷേർലി ഡഗ്ലസ്, അദ്ധ്യാപികയായ ലോയ്‌സ് മേ ഹാർഡ്‌വിക് എന്നിവർ മുൻ ഭാര്യമാരാണ്. ഹോളിവുഡ് നടൻമാരായ കീഫർ, റോസിഫ്, ആൻഗസ് എന്നിവരടക്കം അഞ്ച് മക്കളുണ്ട്.

Advertisement
Advertisement