താനേ തുറക്കുന്ന വാതിലുകൾ

Saturday 22 June 2024 7:16 AM IST

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒഹായോ യൂണിവേഴ്സിറ്റി. 1804ൽ സ്ഥാപിതമായ ഇവിടം യു.എസിലെ ഏറ്റവും പഴക്കമേറിയ യൂണിവേഴ്സിറ്റികളിലൊന്നാണ്. അതേ സമയം, വിചിത്രമായ ഒരു കഥയും ഒഹായോ യൂണിവേഴ്സിറ്റിയെ ചുറ്റിപ്പറ്റി പ്രചാരത്തിലുണ്ട്.

യൂണിവേഴ്സിറ്റിയിലെ വിൽസൺ ഹാളിലെ 428ാം നമ്പർ മുറിയെ പറ്റിയുള്ള ഭയപ്പെടുത്തുന്ന കഥയാണത്. ഈ മുറി ആർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം സീൽ ചെയ്‌ത് പൂട്ടിയിട്ടിരിക്കുകയാണത്രെ. കാരണം മറ്റൊന്നുമല്ല, ഈ മുറിയിൽ താമസിച്ചവർക്കുണ്ടായ ദുരനുഭവങ്ങൾ തന്നെ.

1970കളിൽ ആരോ ഈ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പറയപ്പെടുന്നു. അയാളുടെ പ്രേതം ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് ഒരു കഥ. മുറിയിൽ താമസിച്ച ഒരു പെൺകുട്ടി ആസ്ട്രൽ പ്രൊജക്ഷൻ നടത്തുകയും ആത്മാക്കളോട് സംസാരിക്കാൻ ശ്രമിക്കുകയും ഒടുവിൽ മനോനില തെറ്റി ആത്മഹത്യ ചെയ്തു എന്നുമാണ് മറ്റൊരു കഥ.

ഈ മുറിയിൽ അജ്ഞാത ശബ്ദങ്ങൾ കേൾക്കുകയും വാതിലുകൾ താനേ അടയുകയും തുറക്കുകയും ചെയ്യുന്നതും വസ്തുക്കൾ താനേ ഉയർന്നു പൊങ്ങുന്നതുമൊക്കെ കണ്ടിട്ടുണ്ടെന്നും ചിലർ അവകാശപ്പെടുന്നു. വിൽസൺ ഹാൾ സ്ഥിതി ചെയ്യുന്നയിടത്ത് മുമ്പ് ഒരു സെമിത്തേരി നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഏതായാലും ഈ മുറിയിലേക്ക് പിന്നീട് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. 428ാം നമ്പർ മുറിയെ പറ്റിയുള്ള കഥകൾ സത്യമാണെന്നും തെളിയിക്കപ്പെട്ടിട്ടില്ല.

Advertisement
Advertisement