പരീക്ഷയിൽ ക്രമക്കേട് നടത്തിയാൽ ഒരു കോടി രൂപ പിഴയും പത്ത് വർഷം തടവും, നിയമം വിജ്ഞാപനം ചെയ്‌തു

Saturday 22 June 2024 10:23 AM IST

ന്യൂഡൽഹി: പൊതു പരീക്ഷാ ക്രമക്കേടുകൾ തടയൽ നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്‌തത്. നിയമ ലംഘകർക്ക് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടെയാണ് നിയമം വിജ്ഞാപനം ചെയ്‌ത് പുറത്തിറങ്ങിയത്.

സുപ്രീംകോടതി നിരീക്ഷണം, നീ​റ്റ് ​റ​ദ്ദാ​ക്കു​ന്ന സ്ഥി​തി​ ​വ​രാം,​ ജൂലായ് 8 നിർണായകം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ച അടക്കം അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ,പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുണ്ടെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച അവധിക്കാല ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. അവധി കഴിഞ്ഞ് ജൂലായ് എട്ടിന് എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ബെഞ്ച് പരിഗണിക്കും. മേയ് അഞ്ചിന്റെ മെയിൻ പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുള്ളതിനാൽ പുനഃപരീക്ഷ തടയുന്നതിൽ കാര്യമില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

1,563 പേർക്കായി ഞായറാഴ്ച എൻ.ടി.എ നടത്തുന്ന പുനഃപരീക്ഷയും ജൂലായ് ആറിന് തുടങ്ങുന്ന മെഡിക്കൽ കൗൺസലിംഗും മാറ്റിവയ്‌ക്കണമെന്ന ഹർജികളിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു. നിശ്ചയിച്ച കൗൺസലിംഗ് നടത്തുമെന്നാണ് സർക്കാരിന്റെയും നിലപാട്.

കൗൺസലിംഗ് അനുവദിക്കരുതെന്ന അഭ്യർത്ഥന നിരസിച്ച ജസ്റ്റിസ് ഭാട്ടി,​ അത് തുടർപ്രക്രിയ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവേശന നടപടികൾ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതിനിടെ നീറ്റ്, നെറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡൽഹി പി.സി.സി അദ്ധ്യക്ഷൻ ദേവേന്ദർ യാദിവിന്റെ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണിത്.

നെറ്റ് ചോദ്യപേപ്പർ വില 6 ലക്ഷം വരെ

കഴിഞ്ഞ ദിവസം റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ ടെലിഗ്രാം ചാനലുകളിൽ ആറ് ലക്ഷം രൂപയ്ക്ക് വരെ വില്പനയ്ക്ക് വച്ചെന്ന് കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഈ ചാനലുകൾ ബ്ളോക്ക് ചെയ്തെന്ന് ടെലിഗ്രാം അറിയിച്ചു. ചോദ്യങ്ങൾക്ക് ഒരു ലക്ഷം മുതൽ ആറ് ലക്ഷം രൂപവരെ വിലയിട്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഡാർക്ക് വെബ് ശൃംഖലയുമായി ബന്ധപ്പെട്ട മാഫിയകളാണ് ഇതിന് പിന്നിൽ. സി.ബി.ഐ അന്വേഷണം തുടങ്ങി.

Advertisement
Advertisement