മകളെ പീഡിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി, പോൺ അടിമയായ പിതാവ് അറസ്റ്റിൽ

Saturday 22 June 2024 10:27 AM IST

ഹൈദരാബാദ്: മകളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പോൺ വീഡിയോ അടിമയായ പിതാവ് അറസ്റ്റിൽ. തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയാണ് 12വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയതായി പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മഹുബാബാദ് ജില്ലയിൽ നിന്നും ഇയാളും കുടുംബവും രണ്ടാഴ്ച മുൻപ് ഹൈദരാബാദിലെ മിയാപൂരിലേക്ക് താമസം മാറിയിരുന്നു. ജൂൺ ഏഴിന് പെൺകുട്ടി പ്രതിയോട് അമ്മയെ കാണാൻ മഹുബാബാദിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാൾ അടുത്ത ദിവസം രാവിലെ പത്ത് മണിയോടുകൂടി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പ്രതി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിർത്തുകയും ഒരു വനത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയതിന്റെയും ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ച സിസിടിവിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കുട്ടിയെ വനത്തിൽ വച്ച് ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളുടെ നഗ്ന വീഡിയോ ചിത്രീകരിക്കാനാണ് പ്രതി പെൺകുട്ടിയെ വനത്തിലെത്തിച്ചത്. തുടർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി നിലവിളിക്കുകയും അമ്മയോട് പറയുമെന്ന് പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പിതാവ് പെൺകുട്ടിയെ മൂർച്ചയേറിയ കല്ലുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൃത്യം നടത്തിയതിനുശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങുകയും രക്തം പുരണ്ട വസ്ത്രങ്ങൾ മാ​റ്റിയതിനുശേഷം മകളെ കാണാനില്ലെന്ന വിവരം ഭാര്യയോട് പറയുകയായിരുന്നു.

സംശയമുണ്ടാകാതിരിക്കാൻ അതേ ദിവസം തന്നെ ഇയാൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മിയാപൂരിലെ വനത്തിൽ നിന്ന് ജൂൺ 13നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.മകളെ കൊലപ്പെടുത്തിയതായി പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement