അന്ന് കണ്ട വയോധികയായ ആരാധിക വീണ്ടും മുന്നിലെത്തി; ഇത്തവണ എത്തിയത് മോഹൻലാലിന് ഒരു ഓഫറുമായി

Saturday 22 June 2024 11:43 AM IST

ആരാധികയായ വയോധികയോട് സ്നേഹ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'പോരുന്നോ എന്റെ കൂടെ' എന്നായിരുന്നു അദ്ദേഹം അന്ന് ആരാധികയോട് ചോദിച്ചത്. ഇല്ലെന്ന് അവർ മറുപടിയും നൽകി. വീഡിയോ ലക്ഷക്കണക്കിനാളുകളായിരുന്നു കണ്ടത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ദിനത്തിലാണ് മോഹൻലാലിനെ കാണാനായി ആരാധിക എത്തിയത്. കാറിൽ കയറാനായി പോയ മോഹൻലാലിന്റെ സമീപത്തേക്ക് ആരാധിക എത്തുകയായിരുന്നു. മോഹൻലാലിനെ കണ്ടതിലുളള സന്തോഷത്തിൽ അവർ താരത്തെ സ്പർശിക്കുകയും തലോടുകയും ചെയ്തു. ഇതോടെയാണ് താരം പോരുന്നോ തന്റെ കൂടെയെന്ന് ചോദിച്ചത്. തുടർന്ന് വയോധികയോട് കുറേ സമയം സംസാരിച്ചതിനുശേഷമാണ് മോഹൻലാൽ മടങ്ങിയത്.

വീണ്ടും അതേ ആരാധികയെ കണ്ടുമുട്ടിയിരിക്കുകയാണ് മോഹൻലാലിപ്പോൾ. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കണ്ടയുടൻ മോഹൻലാലിനോട് അവർ ഒരു കാര്യവും ചോദിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുകയാണോ എന്നായിരുന്നു ചോദ്യം. ഉടനടിയെത്തി മോഹൻലാലിന്റെ രസകരമായ മറുപടി. ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതിയായോ എന്നായിരുന്നു താരത്തിന്റെ മറുപടി.

വയോധിക മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിക്കുകയും താറാവ് കറി ഉണ്ടാക്കിത്തരാമെന്ന ഓഫർ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തു. അമ്മയെ വീണ്ടും കാണാമെന്നും ഷൂട്ടിംഗ് കഴിയാൻ ഒന്ന് രണ്ട് ദിവസം കൂടിയുണ്ടെന്നും മോഹൻലാൽ മറുപടി നൽകി.

Advertisement
Advertisement