പ്രണയത്തിന്റെ ചിതയും ഭസ്‌മവും
പ്രണയത്തിനൊരു ചിതയുണ്ടോ? അതിൽ അല്പം ചിതാഭസ്മമുണ്ടോ? പ്രണയത്തിന്റെ നിറവും നിലാവും എരിഞ്ഞടങ്ങലിന്റെ കനൽ വെളിച്ചവും ഇടകലർന്ന് ഒഴുകുന്ന കവിതയുടെ ഋതുഭംഗി നിറഞ്ഞുനിൽക്കുന്ന കവിതാ സമാഹാരമാണ് മാദ്ധ്യമ പ്രവർത്തകനായ ബിനു പള്ളിമണിന്റെ 'പ്രണയ ചിതാഭസ്‌മം." പ്രണയത്തിന്റെ വെയിൽച്ചില്ലുകളും ദാർശനികതയുടെ തണലിടങ്ങളും അശാന്തിയുടെ സ്വരപ്പകർച്ചകളും ചേർന്ന് വായനയുടെ പുതുലോകത്തേക്ക് വായനക്കാരെ നയിക്കുന്ന കവിതകൾ.
ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും പ്രണയത്തിന്റെ മുറിപ്പാടും സ്നേഹത്തിന്റെ സ്വാന്തന സ്പർശവുമുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളുടെ കാവ്യസഞ്ചാരമാണ് പ്രണയ ചിതാഭസ്മം. ജീവിതത്തിന്റെയും പ്രണയത്തിന്റെയും കടുപ്പവും വൈകാരികതയും കടലിരമ്പവും തീക്ഷ്ണതയുമെല്ലാം ഇരുപത് കവിതകളുടെ ഈ സമാഹാരത്തിലുണ്ട്. പ്രണയത്തെയും പ്രാണനെയും അടയാളപ്പെടുത്തുന്നതാണ് ഓരോ കവിതയും. കൊല്ലം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗാന്ധി ഭവനിലെ അമ്മമാർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രസാധകർ: സുജിലി പബ്ലിക്കേഷൻസ്, കൊല്ലം