അന്ന് ഉപരാഷ്‌ട്രപതി സ്ഥാനം കിട്ടിയില്ല എന്നാൽ ഇന്ന് മറ്റൊരാഗ്രഹം, ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യം വയ്‌ക്കുന്നത്

Saturday 22 June 2024 1:17 PM IST

തിരുവനന്തപുരം: സംസ്ഥാന ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഇതിനായി ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ അദ്ധ്യക്ഷതയിൽ കാബിനറ്റ് ഉപസമിതി ജൂലായിൽ ചേരും. ഗവർണറുടെ പ്രവർത്തനം സംബന്ധിച്ച ഐ.ബി റിപ്പോർട്ടായിരിക്കും പരിഗണിക്കുക. സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാണ് ഗവർണർമാരുടെ തുടർച്ചയും സംസ്ഥാനം മാറ്റവുമുൾപ്പെടെ തീരുമാനിക്കുക.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി സെപ്തംബറിൽ തീരുകയാണ്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരുമായി നിരന്തരം ഇടഞ്ഞ് ദേശീയശ്രദ്ധ നേടിയ ഖാൻ കാലാവധി കഴിഞ്ഞാലും തുടരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

അതേസമയം, ഡൽഹി ലഫ്‌റ്റനന്റ് ഗവർണറാവാനാണ് ഖാന് കൂടുതൽ മോഹം.

അഞ്ചുവർഷമോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളിടത്തോളമോ ഗവർണർക്ക് തുടരാം. കാലാവധി കഴിഞ്ഞാലും പുതിയ ഗവർണറെ നിയമിക്കുംവരെ തുടരാനാവും. ബില്ലുകൾ തടഞ്ഞുവച്ചും മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചുമൊക്കെ സർക്കാരിനെ മുൾമുനയിലാക്കിയിരുന്നു ഗവർണർ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ മാറ്റാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ രണ്ടുടേം ഗവർണർമാർക്ക് അനുവദിക്കില്ലെന്നാണ് ബി.ജെ.പി നയം. അതിൽ ഇളവു നൽകുമോയെന്ന് കണ്ടറിയണം.

73കാരനായ ഖാൻ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. കേരളത്തിന്റെ 22-ാം ഗവർണറായി 2019 സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം. 26-ാം വയസിൽ യു.പി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയുമായി.

പാർട്ടികൾ മാറിമാറി

ചരൺസിംഗിന്റെ ഭാരതീയ ക്രാന്തിദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. 1986ൽ മുസ്ളിം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ടു

പിന്നീട് വി.പി.സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലേക്ക്. വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രി. അവിടന്ന് ബി.എസ്.പിയിൽ. യു.പിയിലെ ബഹ്‌റൈച്ചിൽ നിന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി ടിക്കറ്റിൽ ജയിച്ചു

2004ൽ ബി.ജെ.പിയിൽ ചേർന്ന ഖാന് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയിലെ പ്രമുഖ മുസ്ളിം മുഖങ്ങളിലൊന്നുമാണ്

Advertisement
Advertisement