ഫേസ്ബുക്ക് ഇങ്ങനെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ വൈകാതെ പണി കിട്ടും

Saturday 22 June 2024 3:22 PM IST

കോഴിക്കോട്: എ.ഐ തട്ടിപ്പുകൾക്ക് കളമൊരുക്കുന്ന സോഷ്യൽ മീഡിയയെ കരുതിയിരിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റിലിജൻസും (എ.ഐ), ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ വീഡിയോകോൾ തട്ടിപ്പിലെ അഞ്ച് പ്രതികളെയും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്തിയത് വിദഗ്ധ സംഘമാണ്. ആദ്യ ഓപ്പറേഷനിൽ തന്നെ പ്രതികളെ തിരിച്ചറിയുകയും അവരെ പിടികൂടുകയും ചെയ്തതോടെ കോടികൾ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം പൊലീസ് ഇല്ലാതാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണമെന്നും കമ്മിഷണർ ആവശ്യപ്പെട്ടു.

@ശ്രദ്ധിക്കൂ...

#ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾ ലോക്ക് ചെയ്ത് ശരിയായ രീതിയിൽ മാത്രം ഉപയോഗിക്കുക

#പരിചയമില്ലാത്ത ഫേസ് ബുക്ക് ഐഡികളിലെ റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക

# സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

#ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സ്വകാര്യ വിവരങ്ങൾ (ഗ്യാലറി, കോൺടാക്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്) നൽകാതിരിക്കുക

# തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കുക.

#ഇവർ ഇരകൾ

ലോക്ക് ചെയ്യാത്ത ഫെയ്സ് ബുക്ക് പേജുകളെയാണ് തട്ടിപ്പ് സംഘങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. ഫേസ് ബുക്ക് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാത്ത വയോധികർ, വീട്ടമ്മാർ എന്നിവരെയാണ് തട്ടിപ്പ് സംഘങ്ങൾ ടാർഗറ്റ് ചെയ്യുന്നത്.

@ആദ്യ കേസിൽ എല്ലാ പ്രതികളും അറസ്റ്റിൽ


സംസ്ഥാനത്തെ ആദ്യത്തെ എ.ഐ തട്ടിപ്പ് നടത്തിയ സംഘത്തെ കുടുക്കിയത് പഴുതടച്ച അന്വേഷണത്തിലൂടെ. കഴിഞ്ഞ വർഷം ജൂലൈ മാസം നടന്ന കേസിൽ ഒരു വർഷത്തിനുള്ളിലാണ് പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്. തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പ്രശാന്താണ് ഏറ്റവും ഒടുവിലായി പിടിയിലായത്. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടിൽ, സദ്ധേഷ് ആനന്ദ് കാർവെ , അഹമ്മദാബാദ് സ്വദേശിയായ കൗശൽ ഷാ, ഷേക്ക് മുർതസ ഹയാത് ഭായി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും, കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സാങ്കേതിക തെളിവുകൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലൂടെയുമാണ് അറസ്റ്റിലായത്. സമാനമായ കേസുകൾ കേരളത്തിൽ റപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ അഞ്ചുപേരെ ബന്ധിപ്പിക്കുന്ന മറ്റു കേസുകൾ പരശോധിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽനിന്നും റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിയെ 2023 ജൂലൈ മാസമാണ് സംഘം തട്ടിപ്പിനിരയാക്കിയത്.

Advertisement
Advertisement