അനർഹമായി റേഷൻ വാങ്ങി; 11,193 കാർഡുകൾക്ക് രണ്ട് കോടിയോളം പിഴ

Sunday 23 June 2024 1:46 AM IST

മലപ്പുറം: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചതിന് മൂന്ന് വർഷത്തിനിടെ ജില്ലയിൽ പിഴയായി ഈടാക്കിയത് 1.95 കോടി രൂപ. 2021 മേയ് മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കാണിത്. 11,193 റേഷൻ കാർഡ് ഉടമകളിൽ നിന്നാണ് ഈ തുക ഈടാക്കിയത്. സംസ്ഥാനത്ത് ആകെ 7.34 കോടി രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതും മലപ്പുറത്താണ്. തൊട്ടുപിന്നിലുള്ള തൃശൂരിൽ 1.63 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

അർഹരായ പതിനായിരത്തോളം പേർ മുൻഗണനാ കാർഡിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. അനർഹരെ കണ്ടെത്തി ഒഴിവാക്കിയാലേ ഇവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവൂ. അനർഹമായി കൈവശം വച്ച കാർഡുകൾ സ്വമേധയാ തിരിച്ചേൽപ്പിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച സമയപരിധിക്ക് ശേഷവും കാർഡ് കൈവശം വച്ചവരെ പരിശോധനകളിലൂടെ കണ്ടെത്തിയാണ് പിഴ ഈടാക്കുന്നത്. നേരിട്ടും ഫോൺ വഴിയും ലഭിക്കുന്ന പരാതികളിൽ താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും ഫീൽഡ് തല പരിശോധന നടത്തുന്നുണ്ട്. കൂടാതെ വിവിധ വകുപ്പുകളിലെ ഡാറ്റകളുമായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം (ആർ.സി.എം.എസ്) ഡാറ്റ വിശകലനം ചെയ്തും ബയോമെട്രിക് ഓതന്റിക്കേഷൻ വഴി ഒരംഗം മാത്രമുള്ള കാർഡുകളും ആധാർ ലിങ്ക് ചെയ്യാത്ത മുൻഗണനാ കാർഡുകളും പരിശോധനയ്ക്ക് വിധേയമാക്കി അനർഹരെ കണ്ടെത്താനുള്ള നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

പരിശോധിക്കാൻ യെല്ലോ
മുൻഗണനാ വിഭാഗത്തിലെ അനർഹരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ യെല്ലോ എന്ന പേരിൽ പരിശോധന തുടരുന്നുണ്ട്. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. 1987, ടോൾ ഫ്രീ 1800 425 1550, വാട്സ് ആപ്പ് - 9188527301 എന്നി നമ്പറുകളിൽ വിവരമറിയിക്കാം.

Advertisement
Advertisement