നിയമത്തട്ടിപ്പ് കേസിൽ സ്കൂൾ മാനേജർ അറസ്റ്റിൽ

Sunday 23 June 2024 1:50 AM IST

കയ്പമംഗലം: നിയമനത്തട്ടിപ്പ് കേസിൽ സ്‌കൂൾ മാനേജർ അറസ്റ്റിൽ. കൂരിക്കുഴി എ.എം.യു.പി. സ്‌കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂരിനെയാണ് (49) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ ടീച്ചർമാരായ ഏഴ് പേർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

25 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവർക്ക് ശമ്പളമോ നൽകാതെയായതോടെയാണ് പരാതിയുമായി പൊലീസിലെത്തിയത്. 2012 മുതൽ ഇയാൾ പലരിൽ നിന്നുമായി പണം കൈപ്പറ്റിയിട്ടുണ്ട്. കയ്പമംഗലം പൊലീസ് ഇയാൾക്കെതിരെ 406, 420, 34 ഐ.പി.സി വകുപ്പുകൾ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാൻ, എസ്.ഐ.മാരായ എൻ.പ്രദീപ്, സജിപാൽ, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.