നാട്ടിലെ ചക്ക,​ അയലത്തെ ഉപ്പേരി

Sunday 23 June 2024 1:46 AM IST

കിളിമാനൂർ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ചക്ക. ചക്കകൊണ്ട് പല വിഭവങ്ങളും നമ്മുടെ തീൻമേശകളിൽ എത്താറുണ്ട്. ജൂലായ് മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്തെ ചക്കക്കാലം എന്നും പറയാം. ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഈ മിടുക്കൻ പച്ചയ്ക്കും പഴുത്താലും ഡിമാന്റാണ്. കൊവിഡ് കാലം മലയാളികളുടെ വിശപ്പടക്കിയ ചക്കയ്ക്ക് നമ്മുടെ അയൽനാട്ടിലും ഡിമാന്റ് ഏറെയാണ്. നാട്ടിൻപുറങ്ങളിൽ നിന്നും വാഹനങ്ങളിൽ അതിർത്തികടക്കുന്ന ചക്കകൾ പായ്ക്കറ്റുകളിലായി ഉപ്പേരി, വറ്റൽ എന്നീപേരുകളിൽ നമ്മുടെ നാട്ടിലേക്ക് തന്നെ തിരിച്ചെത്തും. ഒരു ചക്കയ്ക്ക് 18 മുതൽ 20 രൂപ നിരക്കിൽ അന്യസംസ്ഥാനത്തേക്ക് അതിർത്തികടക്കുന്ന ഈ വീരൻ 150 ഗ്രാമിന് 110 മുതൽ 120 രൂപ വരെ ഈടാക്കുന്ന ചക്ക വറ്റലായി നമ്മുടെ നാട്ടിൽത്തന്നെ തിരിച്ചെത്തും. ഇതിന് ഡിമാന്റ് ഏറെയാണ്.

 ചക്കയെന്ന ആരോഗ്യവാൻ

ചക്ക പോഷകത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞതാണ്. പ്രമേഹരോഗികൾക്കും നല്ലതാണ്. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും ഉൾപ്പെടും. പൊട്ടാസ്യത്തിന്റെ അംശം കൂടുതലായതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ചക്ക മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്.

Advertisement
Advertisement