പരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നതതലസമിതി; കെ രാധാകൃഷ്ണൻ ചെയർമാൻ, രണ്ട് മാസത്തിനകം റിപ്പോർട്ട്

Saturday 22 June 2024 6:55 PM IST

ന്യൂഡൽഹി:- പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചു. പരീക്ഷ നടത്തിപ്പ് രീതിയിൽ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എൻ.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിർദേശങ്ങൾ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. രണ്ടുമാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. എയിംസ് മുൻ ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി. ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ സമിതിയുടെ മെമ്പർ സെക്രട്ടറിയാണ്.

നീറ്റ്- നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കവെയാണ് സർക്കാരിന്റെ നടപടി. ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനംമെച്ചപ്പെടുത്തുന്നതിന് നിർദേങ്ങൾ സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയമിക്കുമെന്ന് വ്യാഴാഴ്ച‌ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു.

Advertisement
Advertisement