കാണപ്പെടാത്ത  സ്ത്രീകളുടെ  കേൾക്കാത്ത ശബ്‌ദങ്ങൾ

Sunday 23 June 2024 12:58 AM IST

ഒരു വിധവ എന്താണോ സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും അനുഭവിക്കുന്നത്,​ അത് അവരുടെ ശക്തിയെയും പ്രതിരോധശേഷിയെയും ധൈര്യത്തെയും ബാധിക്കുന്നുണ്ട്. ഇന്ന്,​ അന്താരാഷ്ട്ര വിധവാ ദിനത്തിൽ ഞാൻ ഈ കുറിപ്പെഴുതുന്നത് സമൂഹത്തിന് പുതിയ ഉദ്ബോധനത്തിനു വേണ്ടിയല്ല. പതിനാറു വർഷങ്ങളായി ഈ വഴിയിലൂടെത്തന്നെ നടന്നു പഴകിയ ഒരു വിധവ എന്ന നിലയിൽത്തന്നെയാണ്....

................................

വാലെന്റെൻസ് ഡേ, താങ്ക്സ് ഗിവിങ് ഡേ, പരിസ്ഥിതി ദിനം അങ്ങനെ ആഘോഷിക്കപ്പെടുന്ന നിരവധി ദിനങ്ങൾക്കു പുറമെ, വിധവകളെ ബഹുമാനിക്കുന്നതിനും ആദരിക്കുന്നതിനുമായി ഒരു ദിവസം സമർപ്പിക്കുന്നു. അന്താരാഷ്ട്ര വിധവാദിനം ജൂൺ 23. ഇത് യു.എന്നിന്റെ ആഭിമുഖ്യത്തിലാണ്. ഒരു വിധവ എന്താണോ സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും അനുഭവിക്കുകയും നേരിടേണ്ടി വരികയും ചെയ്യുന്നത്, അത് അവരുടെ ശക്തിയെയും പ്രതിരോധ ശേഷിയെയും ധൈര്യത്തെയും ബാധിക്കുന്നുമുണ്ട്. പലയിടത്തും അവഗണിക്കപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു വിഭാഗം തന്നെയാണ് വിധവകൾ.

ഞാൻ ഈ കുറിപ്പെഴുതുന്നത് സമൂഹത്തിന് പുതിയ ഉദ്ബോധനത്തിനു വേണ്ടിയല്ല. കഴിഞ്ഞ പതിനാറു വർഷങ്ങളായി ഈ വഴിയിലൂടെത്തന്നെ നടന്നു പഴകിയ ഒരു വിധവ എന്ന നിലയിൽത്തന്നെയാണ്. പതിനാറു വർഷങ്ങൾക്കു മുൻപ് ഒരൊറ്റ രാത്രിയിൽ.... വാക്കുകൾക്ക് പ്രകടിപ്പിക്കാനാവുന്നതിന്റെ അപൂർവതയിൽത്തന്നെ എന്റെ ജീവിതം മാറി മറിഞ്ഞു. എന്റെ പങ്കാളിയും വിശ്വസ്തനും സർവോപരി ഉറ്റസുഹൃത്തുമായിരുന്ന എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെട്ടു. എനിക്ക് പരിചിതമായിരുന്ന, ഞാൻ ജീവിച്ചു പഴകിയ, എന്റെ മാത്രമായിരുന്ന ലോകം എനിക്കു മുന്നിൽ തകർന്നടിഞ്ഞു. അവയിൽ നിന്ന് കഷണങ്ങൾ പെറുക്കിയെടുക്കാനും, എന്നെത്തന്നെ കൂട്ടിയോജിപ്പിക്കാനും, എനിക്ക് തീരെ അപരിചിതമായ അജ്ഞാതപാതകളിലൂടെ സഞ്ചരിക്കാനും പുതിയ വഴികൾ കണ്ടെത്താനും മാത്രമായി ഞാൻ അവശേഷിച്ചിരുന്നു.

വൈധവ്യം വെറുമൊരു പദവിയല്ല; അഗാധമായ നഷ്ടവും അതിലുപരി ശക്തമായ വെല്ലുവിളികളും നിറഞ്ഞൊരു യാത്രയാണത്. പലർക്കും പങ്കാളിയുടെ നഷ്ടം, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, സാമൂഹികമായ ഒറ്റപ്പെടലുകൾ എന്നിവയ്ക്കു പുറമെ പലയിടത്തും വിവേചനം, അനീതി എന്നിവയാൽക്കൂടി സങ്കീർണവുമായിരിക്കും. ആരും തിരഞ്ഞെടുക്കനിഷ്ടപ്പെടാത്ത, കടന്നു പോകാൻ ആഗ്രഹിക്കാത്ത,​ എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾ നടക്കാൻ നിർബന്ധിതരാകുന്ന ഒരു പാത കൂടിയാണിത്.

പങ്കാളിയെ നഷ്ടപ്പെടുന്നത് ജീവിതത്തെത്തന്നെ മാറ്റിമറിക്കും. പല വിധവകൾക്കും സഹയാത്രികനെ മാത്രമല്ല, പലപ്പോളും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണയുടെ പ്രാഥമിക ഉറവിടം നഷ്ടപ്പെടുന്നതിനാൽ ലോകം നാടകീയമായി മാറുന്നു. വൈധവ്യത്തിന്റെ ആദ്യനാളുകൾ തീവ്രദുഃഖത്തിന്റെയും വഴിയറിയാ പാതകളുടെയും മങ്ങലായിരിക്കും. ലളിതമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ പോലും വെല്ലുവിളികളായി അനുഭവപ്പെടുന്നു. ദുഃഖത്തിന്റെ ഭാരവും അമിതമായേക്കാം.

വിധവയായ ഞാൻ സമൂഹത്തിൽ പലപ്പോളും വിവേചനങ്ങൾ നേരിട്ട എണ്ണമറ്റ സംഭവങ്ങളുണ്ട്. ഭർതൃ വിയോഗത്തിനു ശേഷം മകളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് ബാംഗ്ലൂരിലേക്ക് താമസം മാറാൻ തീരുമാനിച്ചപ്പോൾ വാടകക്ക് ഒരു വീടു കണ്ടെത്തുക കൂടി പ്രയാസമായിരുന്നു. എല്ലാം ശരിയാകുമ്പോൾ ഏറ്റവും ഒടുവിലായിരിക്കും കുടുംബ കാര്യങ്ങൾ ചോദിക്കുന്നുണ്ടാവുക. ഞാൻ വിധവയാണെന്ന് അറിഞ്ഞപ്പോൾ വീട് നിഷേധിക്കപ്പെട്ടത് ഒന്നിലധികം തവണയായിരുന്നു. ദുരിതമനുഭവിക്കുന്ന ഒരു വിധവയെ സഹായിക്കുന്നതിന് ഒരു മൈൽ മുന്നോട്ടു പോകുന്നതിനു പകരം പ്രതികരണം പരുഷമായിരുന്നു.

അനുഭവിച്ചു തീർത്ത സങ്കടങ്ങൾക്കുള്ളിലും പ്രതിഷേധത്തിന്റെ വിത്തുകളുണ്ടായിരുന്നു. നിശബ്ദതയുടെ കടന്നുകയറ്റങ്ങളിലും, ഊണുമേശയുടെ ഒഴിഞ്ഞ കസേരകളിലും, കിടക്കയുടെ പാതിയും ഒഴിഞ്ഞ തലയിണയും, ഒരിക്കൽ ചിരിയുണ്ടായിരുന്ന മിണ്ടായിടങ്ങളിലും.... അങ്ങനെയങ്ങനെ അസാന്നിധ്യം ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നു. എന്നിരുന്നാലും ഈ നിമിഷങ്ങളിലാണ് നാം ഒരിക്കലും തിരിച്ചറിയുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത ആന്തരിക ശക്തി അവർ കണ്ടെത്തുന്നതും.

പല സമൂഹങ്ങളിലും വിധവകൾ പാർശ്വവത്കരിക്കപ്പെടുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും അവരുടെ പുനർജീവനത്തിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയുന്നുണ്ട്. പദവി ‘വിധവ’ എന്നതിനാൽ പല മംഗള കർമ്മങ്ങളിൽ നിന്നും മാറ്റിനിറുത്തപ്പെട്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ ദുഃഖം പലപ്പോഴും അപങ്കിലമാകുന്നു. അവരുടെ ശബ്ദം നിശബ്ദമാക്കപ്പെടുന്നു...

ഒരു വിധവ എന്ന നിലയിൽ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി സമൂഹത്തെ ആശ്രയിക്കേണ്ടി വരും. അതേ സമയം അവൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അവരെ ചേർത്തുനിറുത്തുന്നതിനു പകരം വിധിക്കാനും ഒറ്റപ്പെടുത്താനുമായിരിക്കും ചുറ്റിലും സമൂഹം കാവൽ നിൽക്കുന്നത്. ഇതു പറയുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. പക്ഷേ നമ്മുടെ സമൂഹത്തിലെ ചില പുരുഷന്മാർ ചിന്തിക്കുന്നത് വിധവകളെ എളുപ്പത്തിൽ സമീപിക്കാമെന്നു തന്നെയാണ്. ഈ പ്രവൃത്തികൾ വിധവകളുടെ മാനസികാവസ്ഥയെ അത്ര ആഴത്തിൽത്തന്നെ ബാധിക്കുന്നുമുണ്ട്.

ഞാൻ ഇതു പറയുന്നിടത്തു നിന്ന് എനിക്ക് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. വളരെ ഉദാരമനസ്ക്കത കാണിക്കുന്ന ഒരു സുഹൃത്ത് എന്നോടു ചോദിച്ചു, “നിനക്കെന്നിൽ നിന്നുമെന്താണ് വേണ്ടത്?”

ഒരു മണ്ണാങ്കട്ടയും വേണ്ടെന്നായിരുന്നു എന്റെ മറുപടി.

(ലക്ഷ്മി താംബെയുടെ മൊബൈൽ: 99466 62420)

Advertisement
Advertisement