തമിഴ്‌നാട്ടിലെ ബസ് തടയൽ

Sunday 23 June 2024 12:10 AM IST

പഠനത്തിനും ഐ.ടി മേഖലയിലെ ജോലിക്കും മറ്റുമായി നൂറുകണക്കിന് വിദ്യാർത്ഥികളും യുവതീ യുവാക്കളും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കു പോകുന്നുണ്ട്. ഇതിൽ ഒരു നേരിയ ശതമാനത്തിനു മാത്രമേ ട്രെയിനിൽ സീറ്റ് ലഭിക്കൂ. അതും മാസങ്ങൾക്ക് മുമ്പുതന്നെ ബുക്ക് ചെയ്യുന്നവർക്കാണ് ലഭിക്കുക. കൂടുതൽ സാമ്പത്തികശേഷിയുള്ളവർ വിമാന സർവീസിനെ ആശ്രയിക്കുമെങ്കിലും അതും നേരത്തേ ടിക്കറ്റ് എടുത്തില്ലെങ്കിൽ വലിയ തുക യാത്രാനിരക്കായി നൽകേണ്ടിവരും. അതിനാൽ കൂടുതൽ പേരും ചെന്നൈയിലേക്കും മറ്റും പോകാൻ മുഖ്യമായും ആശ്രയിക്കുന്നത് അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളെയാണ്. വൈകിട്ടു കയറിയാൽ വെളുപ്പിന് ചെന്നൈയിലെത്തുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത. അതുകൊണ്ടുതന്നെ നിരവധി ചെറുപ്പക്കാരാകും ഇത്തരം സർവീസുകളിൽ കൂടുതൽ ഉണ്ടാവുക.

സീസണിൽ ടിക്കറ്റ് നിരക്ക് കൂടുമെങ്കിലും അത്യാവശ്യത്തിന് നാട്ടിൽ വരാനും പോകാനും ഈ സ്വകാര്യ സർവീസുകൾ വലിയ അനുഗ്രഹം തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം ബസ് സർവീസുകളെ വാഹന നികുതി പ്രശ്നം ഉയർത്തിക്കാട്ടി തമിഴ്‌നാട് അതിർത്തികളിൽ തടഞ്ഞത് ഒട്ടേറെ മലയാളി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. കേന്ദ്രം നടപ്പാക്കിയ 'വൺ ഇന്ത്യ വൺ ടാക്‌സ്" പദ്ധതി പ്രകാരം നികുതി ഒടുക്കിയിട്ടും തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലെ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകൾ തടയുന്നത്. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ബംഗളൂരു, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കു പോയ ബസുകൾ നാഗർകോവിലിൽ തടഞ്ഞ്,​ രാത്രിയിൽ ഒറ്റയ്ക്കു സഞ്ചരിച്ച പെൺകുട്ടികളെ ഉൾപ്പെടെ നടുറോഡിൽ ഇറക്കിവിടുകയാണ് ചെയ്തത്. പ്രതിഷേധിച്ച യാത്രക്കാരെ കേസെടുത്ത് അകത്താക്കുമെന്നു പറഞ്ഞ് വിരട്ടുകയും ചെയ്തു.

പാതിരാത്രിയിൽ ഒരു സുരക്ഷയുമില്ലാതെ യാത്രചെയ്യാൻ മടിച്ച വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഒടുവിൽ വീണ്ടും പണം മുടക്കി തമിഴ്‌നാടിന്റെ ബസിലും മറ്റും യാത്ര തുടരേണ്ടിവന്നു. ഏതു പ്രശ്നത്തിന്റെ പേരിലായാലും പാതിരാത്രിയിൽ സ്‌ത്രീകളെയും കുട്ടികളെയും മറ്റും വഴിയിൽ ഇറക്കിവിടുന്നത് ശരിയായ പ്രവൃത്തിയല്ല. ഇതേ കൃത്യം കേരള സർക്കാരാണ് ചെയ്‌തിരുന്നെങ്കിൽ തമിഴ്‌നാട് സർക്കാർ രൂക്ഷമായി പ്രതികരിക്കുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നു വരുന്ന ബസുകൾ തടയുമെന്നാണ് സ്വകാര്യ ടൂറിസ്റ്റ് ബസുടമകളുടെ അസോസിയേഷനും മറ്റും പറയുന്നത്. ഇതല്ല വേണ്ടത്. പകരം സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണം. മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ഇക്കാര്യം തമിഴ്‌നാട്ടിലെ ഭരണ നേതൃത്വത്തെ ധരിപ്പിച്ച് പ്രശ്നത്തിന് പരിഹാരം തേടുകയാണ് വേണ്ടത്. കാരണം,​ ഈ പ്രശ്നം കാരണം വലയുന്നത് കേരളത്തിൽ നിന്നുള്ള യാത്രക്കാരാണ്.

അതുപോലെ തന്നെ,​ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുമുണ്ട്. 'വൺ ഇന്ത്യ വൺ ടാക്‌സ്" പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് കേന്ദ്രമാണ്. അത് സ്വീകരിക്കുന്നവർ യാത്രചെയ്യുമ്പോൾ വഴിയൽ തടയപ്പെടുന്നത് ഈ പദ്ധതിയുടെ വിശ്വാസ്യത തകർക്കുന്നതിനു തുല്യവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഈ പദ്ധതി തുടങ്ങിയപ്പോൾത്തന്നെ തമിഴ്‌നാട് എതിർപ്പുമായി രംഗത്തു വന്നിരുന്നതാണ്. കഴിഞ്ഞ നവംബറിൽ ബസുടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നിട്ടും അവർ ബസുകൾ തടയുകയാണ്. ഓൾ ഇന്ത്യാ പെർമിറ്റിന്റെ മറവിൽ വഴിയിൽ നിന്ന് ആളെക്കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രമാണ് തടയുന്നതെന്നാണ് തമിഴ്‌നാടിന്റെ വാദം. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ തലത്തിലുള്ള ഇടപെടലിനു പുറമെ ഉന്നത കോടതിയെയും ബന്ധപ്പെട്ടവർ സമീപിക്കേണ്ടതാണ്.

Advertisement
Advertisement