എൻ.ടി.എ ഉടച്ചുവാർക്കും   പരീക്ഷാത്തട്ടിപ്പിന് പൂട്ടിടും, # ഡോ. കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി സമിതി 

Sunday 23 June 2024 4:35 AM IST

ന്യൂഡൽഹി: നീറ്റ് വിവാദത്തോടെ തകർന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും പരീക്ഷകൾ സുതാര്യമാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ.രാധാകൃഷ്‌ണനാണ് അദ്ധ്യക്ഷൻ.

പരീക്ഷാ പ്രക്രിയയിലെ ന്യൂനതകൾ കണ്ടെത്തി പരിഷ്‌‌കരിക്കാനുള്ള നടപടികൾ നിർദേശിക്കണം. ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ സുരക്ഷാ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ,​ തട്ടിപ്പ് തടയാനുള്ള നടപടി എന്നിവയും നിർദേശിക്കണം. എൻ.ടി.എയുടെ ഘടനയും പ്രവർത്തനവും കുറ്റമറ്റതാക്കാൻ മാറ്റങ്ങളും ശുപാർശ ചെയ്യണം.

വിശദമായ ടേം ഒഫ് റഫറൻസ് പുറപ്പെടുവിച്ചു. രണ്ട് മാസത്തിനകം മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. വിദഗ്‌ദ്ധരുടെ സഹായം തേടാനും അനുവാദമുണ്ട്.

ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ , ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ബി.ജെ. റാവു,ഐ.ഐ.ടി മദ്രാസ് സിവിൽ എൻജിനിയറിംഗ് വിഭാഗം വിദഗ്ദ്ധൻ പ്രൊഫ.കെ.രാമമൂർത്തി, കർമ്മയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐ.ഐ.ടി ഡൽഹി സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ പ്രൊഫ. ആദിത്യ മിത്തൽ, വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരാണ് സമിതി അംഗങ്ങൾ.

എൻ.ടി.എ മേധാവിയെ മാറ്റി

നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ച കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്‌ചാത്തലത്തിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി ഡയറക്‌ടർ ജനറൽ സുബോധ്കുമാർ സിംഗിനെ മാറ്റി. മുൻ കേന്ദ്ര സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയ്‌ക്ക് പകരം ചുമതല നൽകി. ഒരു കൊല്ലം മുൻപാണ് ഛത്തീസ്ഗഡ് കേഡർ 1997 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ എൻ.ടി.എ തലവനാകുന്നത്. പ്രദീപ് സിംഗ് എയർഇന്ത്യ, ബാംഗ്ളൂർ മെട്രോ എന്നിവയുടെ മേധാവിയായിരുന്നു. പ്രദീപ് സിംഗ് കരോളയ്ക്കാണ് താത്കാലിക ചുമതല.

ക്രമക്കേടിന് പിഴ ഒരു

കോടി,​ തടവ് 10 വർഷം

ചോദ്യപേപ്പർ ചോർച്ച അടക്കം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന പരീക്ഷാക്രമക്കേട് തടയൽ നിയമം പ്രാബല്യത്തിൽ. മൂന്നു മുതൽ പത്ത് വർഷം വരെ തടവും പത്തു ലക്ഷം മുതൽ ഒരു കോടി രൂപവരെ പിഴയും വ്യവസ്ഥയുണ്ട്. തട്ടിപ്പ് നടത്തുന്ന കോച്ചിംഗ് സെന്റുകളുടെ സ്വത്ത് കണ്ടുകെട്ടും. ബഡ്‌ജറ്റ് സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ബിൽ ഫെബ്രുവരി 13ന് രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ നിയമമായിരുന്നു. നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. എല്ലാ കുറ്റങ്ങളും ജാമ്യമില്ലാത്തവയാണ്. ഡെപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതല.

നീറ്റ് ചോർച്ച: മുഖ്യ

കണ്ണികൾ അറസ്റ്റിൽ

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കു പിന്നിലെ മുഖ്യകണ്ണികളെന്നു കരുതുന്ന ആറു പേർ കൂടി പിടിയിൽ. സൂത്രധാരൻമാരിൽ ഒരാളായ ഗ്രേറ്റർ നോയിഡ നീക സ്വദേശി രവി അത്രിയെ ഉത്തർപ്രദേശ് ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്. മെഡിക്കൽ പഠനം ഉപേക്ഷിച്ചാണ് ഇയാൾ ഈ വഴിയിലേക്കുതിരിഞ്ഞത്. ഉത്തരങ്ങൾ സഹിതം പ്രചരിപ്പിക്കുന്നത് ഇയാളാണ്. അഞ്ചുപേർ ജാർഖണ്ഡിലെ ദിയോഘറിലാണ് അറസ്റ്റിലായത്. ചോദ്യപേപ്പർ ആദ്യം ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു. മറ്റൊരു പ്രധാന പ്രതി ലൂട്ടൻ എന്ന സഞ്ജീവ് മുഖിയ നേപ്പാളിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാളുടെ മകൻ ശിവകുമാർ കസ്റ്റഡിയിലുണ്ട്.

Advertisement
Advertisement