സുബോധ് കുമാർ സിംഗിനെ എൻ ടി എ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കി

Saturday 22 June 2024 9:46 PM IST

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ( എൻ.ടി.എ)​ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് സുബോധ് കുമാർ സിംഗിനെ മാറ്റി. മുൻ കേന്ദ്ര സെക്രട്ടറി പ്രദീപ് സിംഗ് കരോളയ്ക്ക് താത്‌കാലിക ചുമതല നൽകി. നീറ്റ്,​ .യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെയാണ് ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് സുബോധ് കുമാറിനെ കേന്ദ്രസർക്കാർ മാറ്റിയത്. പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. ഒരു കൊല്ലം മുൻപാണ് ഛത്തീസ്ഗഡ് കേഡർ 1997 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ എൻ.ടി.എ തലവനാകുന്നത്. പ്രദീപ് സിംഗ് കരോള എയർഇന്ത്യ, ബാംഗ്ളൂർ മെട്രോ എന്നിവയുടെ മേധാവിയായിരുന്നു

നേരത്തെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ . രാധാകൃഷ്ണൻ അദ്ധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗലേറിയ,​ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വി.സി പ്രൊഫ. ബി.ജി. റാവു,​ ഐ.ഐ.ടി മദ്രാസ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. രാമമൂർത്തി,​ കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ,​ ഐ.ഐ.ടി ‌ ഡൽഹി സ്റ്റുഡന്റ് ഡീൻ പ്രൊഫ. ആദിത്യ മിത്തൽ,​ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരാണ് സമിതി അംഗങ്ങൾ. പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം,​ ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ,​ എൻ.ടി.എ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും എന്നീ വിഷയങ്ങളിലാണ് സമിതി നിർദ്ദേശങ്ങൾ സമർപ്പിക്കുക.