വൈക്കത്തും പക്ഷിപ്പനി

Saturday 22 June 2024 9:56 PM IST

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലെ കോഴിഫാമിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ നേരേകടവ്,വല്ലകം എന്നീ പ്രദേശങ്ങളിലെ ഫാമുകളിലെ കോഴികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു. നേരേകടവ് പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 850 കോഴികളിൽ 800 കോഴികൾ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ചത്തു. സാമ്പിൾ ശേഖരിച്ച് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്ര്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരേകടവിൽ രോഗബാധയുണ്ടായ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കോഴി,താറാവ് അടക്കമുള്ള വളർത്തു പക്ഷികളെ കൊന്നു സംസ്‌കരിക്കും. അഞ്ച് ഫാമുകളിലും വീടുകളിലും വളർത്തുന്നതടക്കം 8000 ത്തോളം പക്ഷികളെ കൊന്ന് സംസ്‌കരിക്കേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച വളർത്തുപക്ഷികളെ കൊന്നു സംസ്‌കരിക്കാൻ 50അംഗ സംഘമെത്തും. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി,മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി അറിയിച്ചു.
അതേസമയം വല്ലകം, ചെമ്പ്,ടി.വിപുരം പഞ്ചായത്തുകളിലെ കോഴിഫാമുകളിൽ കോഴികൾ ചത്തത് പക്ഷിപനി മൂലമല്ലെന്നാണ് പരിശോധന റിപ്പോർട്ട്.

Advertisement
Advertisement