നിലയ്ക്കാമുക്ക് - കായിക്കര കടവ്-പണയിൽ കടവ് റോഡിലൂടെ യാത്ര പണിയാകും...

Sunday 23 June 2024 1:34 AM IST

വക്കം: നിലയ്ക്കാമുക്ക്- കായിക്കര കടവ് - പണയിൽക്കടവ് റോഡിന്റെ പണികൾ ഇഴയാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാസങ്ങൾക്ക് മുമ്പ് ചല്ലിയിറക്കി ഓടയുടെ ഇരുവശങ്ങൾ കോൺക്രീറ്റിട്ട് ഉയർത്തുകയും പൊട്ടിപ്പൊളിഞ്ഞ റോഡിലെ ടാർ വെട്ടിപ്പൊളിച്ച് ചല്ലിയിട്ട് മണൽനിരത്തി ഉറപ്പികുക മാത്രമാണ് ചെയ്തത്. യാത്രാദുരിതം വർദ്ധിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ കാലവർഷം ആരംഭിച്ചതോടെ റോഡിലെ മണ്ണ് ഒലിച്ച് റോഡിലെ മെറ്റൽ ഇളകി റോഡിൽ മുഴുവനും കുണ്ടും കുഴിയുമായി.

നവീകരിക്കുന്ന ആലംകോട് - മീരാൻകടവ് റോഡിന്റെ പണി പൂർത്തിയാകുന്നതോടെ നിലയ്ക്കാമുക്കിലേയും സമീപ പ്രദേശങ്ങളിലേയും വെള്ളം ഓടയിലൂടെ വക്കം പണയിൽക്കടവ് റോഡിലേക്ക് ശക്തമായി എത്തും. ഇത് ഒഴുക്കിവിടാൻ നിലവിലെ ഓടയിലൂടെ സാധിക്കില്ല. ആങ്ങാവിളയിൽ നിന്നും അണയിൽ റോഡ് വരെയുള്ള 200 മീറ്റർ വരുന്ന ഓടയ്ക്ക് വീതി കൂട്ടി. ആങ്ങാവിള ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ച് മെറ്റലുകൾ നിരത്തി മണലിട്ട് ഉറപ്പിച്ചെങ്കിലും ശക്തമായ മഴയിൽ മണ്ണ് ഒലിച്ചുപോയതോടെ മെറ്റൽ ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടു.

 ഓട്ടവും ഇല്ല

ആലംകോട് - മീരാൻകടവ് റോഡിലൂടെ സ്വകാര്യ ബസുകൾക്കും ആംബുലൻസിനും സ്കൂൾ ബസുകൾക്കും കടന്നുപോകാൻ വളരെ പാടാണ്. ഈ റോഡിലൂടെ സവാരിക്കില്ലെന്ന് ഓട്ടോറിക്ഷക്കാർ കൂടി തീരുമാനിച്ചതോടെ നാട്ടുകാർ പെട്ടു. ഒന്ന് ആശുപത്രിയിൽ പോകാൻപോലും കഴിയാത്ത അവസ്ഥ. എങ്ങാനും ഈ വഴിവന്നാൽ ഓട്ടോറിക്ഷയുടെ ആക്സിൽ ഒടിയുന്നതും പതിവാകുന്നു.

 റീ ടെൻഡറിൽ കരാർ

2017 ആഗസ്റ്റ് മാസത്തിലെ സർക്കാർ ഉത്തരവ് പ്രകാരം 2021 ലാണ് കോൺട്രാക്റ്റ് തയാറായത്. 3.54 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. ഏഴ് തവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും കരാറെടുക്കാൻ തയാറായില്ല. ഇതിനിടയിൽ ജി.എസ്.ടി റിവിഷനും കരാറിനങ്ങളിൽ മാറ്റവും വരുത്തി എട്ടാമത് വിളിച്ച ടെൻഡറിൽ 4.34 കോടി രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്.

 നിലയ്ക്കാമുക്ക് മുതൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിനിരുവശമുള്ള ഓടയ്ക്ക് കോൺക്രീറ്റ് ചെയ്ത് ഉയരം വർദ്ധിപ്പിക്കുവാനും പൊട്ടിപ്പൊളിഞ്ഞ സ്ഥലങ്ങളിൽ ടാറിടാനുമാണ് കരാർ.

Advertisement
Advertisement