മുസ്ലിംലീഗിന്റെ മുഖം മാറുന്നു: മുഖ്യമന്ത്രി
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം മാറുകയാണെന്നും, തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെങ്കിലും യു.ഡി.എഫിന് അഭിമാനിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
, തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെടുകയല്ലെയെന്ന് അവർ ചിന്തിക്കണം. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേതും എസ്.ഡി.പി.ഐയുടെയും മുഖമായി മാറിയാൽ എങ്ങനെയിരിക്കും. എന്താണ് ജമാ അത്തെ ഇസ്ലാമിയെന്നും എസ്.ഡി.പി.ഐയെന്നും അറിയാത്തവരല്ല കോൺഗ്രസ്. നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാൻ പാടില്ലാത്തവരെ കൂട്ടി. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തത് എൽ.ഡി.എഫിനെതിരായ വികാരം കൊണ്ടല്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണ്. രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ ശ്രമിച്ചു. കേരളത്തിലെത്തുമ്പോൾ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ സമരസവും സമവായവും ഉണ്ടാവുന്നു. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല .കേരളത്തിൽ ബി.ജെ.പി സ്ഥിരമായി കിട്ടുന്ന വോട്ടിനപ്പുറം പിന്തുണ നേടി. ബി.ജെ.പിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തത് ശരിയായോയെന്ന് ചിന്തിക്കണം. കേന്ദ്ര സർക്കാറിന്റെ ഇടപെടലിലൂടെ ചിലരെ സ്വാധീനിച്ചു. ബി.ജെ.പിയിലെയും ഭരണ തലത്തിലെയും ഉന്നതർ ഇത്തരം ചില വിഭാഗങ്ങളുടെ മേധാവികളുമായി ചർച്ച ചെയ്തത് രഹസ്യമല്ല. ബി.ജെ.പിയെ പിന്തുണച്ചവരോട് ശത്രുതയില്ല, അവർ തിരുത്തണം. തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതാണ് ബി.ജെ.പിയെ പിറകോട്ടടിച്ചത്. . പരാജയപ്പെടുത്താനാവാത്ത കക്ഷിയല്ല ബി.ജെ.പിയെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി. സന്തോഷ്കുമാർ എം.പി എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് എം.വി. ശശിധരൻ സ്വാഗതം പറഞ്ഞു.