കാൻസർ വിമുക്തി നേടിയവർ ഒത്തുകൂടി അതിജീവനത്തിന്റെ കരുത്തറിയിച്ച് അമൃതം 2004

Saturday 22 June 2024 10:55 PM IST

തലശ്ശേരി:കഠിനമായ ഏതുപ്രതിസന്ധിയേയും മറികടക്കുമെന്ന വിശ്വാസത്തിന്റെ വിളംബരമായി തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ നടന്ന കാൻസറിനെ അതിജീവിച്ചവരുടെ സംഗമം അമൃതം 2004.മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോർജും ഓൺലൈനായും സ്പീക്കർ എ.എൻ.ഷംസീറും മലയാളത്തിന്റെ പ്രിയകഥാകാരൻ ടി.പത്മനാഭനും നേരിട്ടും പങ്കെടുത്ത ചടങ്ങ് അതിജീവനം തേടുന്നവർക്ക് സമൂഹം ഹൃദയപൂർവം നൽകുന്ന പിന്തുണ കൂടിയായി.

മലബാർ കാൻസർ സെന്റർ, ജില്ലാ പഞ്ചായത്ത് , തലശ്ശേരി നഗരസഭ , കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.2014 മുതൽ 2018 വരെ മലബാർ കാൻസർ സെന്ററിൽ ചികിത്സ നേടി അർബുദത്തിൽനിന്നും മുക്തരായി സാധാരണ ജീവിതം നയിക്കുന്ന 700 ഓളം പേരും അവരുടെ കൂട്ടിരിപ്പുകാരായിരുന്നവരും ആരോഗ്യ പ്രവർത്തകരും സംഗമത്തിൽ അനുഭവങ്ങൾ പങ്കിട്ടു.

അതിജീവിതരുടെ അനുഭവങ്ങൾ ഉൾകൊള്ളുന്ന സായൂജ്, ആരോഗ്യ പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന സമർപ്പൺ എന്നീ പുസ്തകങ്ങൾ സ്പീക്കർ എ എൻ ഷംസീറിന് നൽകി കഥാകൃത്ത് ടി പത്മനാഭൻ പ്രകാശനം ചെയ്തു.
പുസ്തകശാലയുടേയും അതിജീവിതരുടെ കയ്യൊപ്പ് ബോർഡിന്റെയും ഉദ്ഘാടനം നടി നാദിയ മൊയ്തു നിർവഹിച്ചു. പ്രശസ്ത സിനിമ താരങ്ങളായ അർജ്ജുൻ അശോകൻ, അപർണ്ണ ദാസ് , തിരക്കഥാകൃത്തായ അഭിലാഷ് പിള്ള ,​സബ് കലക്ടർ സന്ദീപ് കുമാർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യൻ, അമൃതം കൺവീനർ ഡോ.കെ.ഇ.ശരത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പത്മശ്രീ അവാർഡ് ജേതാവ് മേള പ്രമാണി പെരുവനം കുട്ടൻ മാരാരും സംഘവും അതിജീവിതർക്കായി താള മേളവിരുന്നൊരുക്കി. രോഗമുക്തി നേടിയവരുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ അതിജീവിതരും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെ 2500 ഓളം പേർ പങ്കെടുത്തു.

കാൻസർ സെന്ററിന് മൂന്നു ലക്ഷം നൽകി ടി.പത്മനാഭൻ

തലശ്ശേരി: മലബാർ കാൻസർ സെന്ററിന്റെ നിർദ്ധനരോഗികളുടെ ചികിത്സയ്ക്കായുള്ള പേഷ്യന്റ് വെൽഫെയർ ഫണ്ടിലേക്ക് ചടങ്ങിൽ പങ്കെടുത്ത കഥാകൃത്ത് ടി.പത്മനാഭൻ മൂന്നുലക്ഷം രൂപ നൽകി. സ്പീക്കർ അഡ്വ:എ.എൻ. ഷംസീർ തുക എം.സി.സി ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യത്തെ എൽപ്പിച്ചു.എം.സി.സി.യുടെ ഉപഹാരം സ്പീക്കർ എ.എൻ.ഷംസീർ കഥയുടെ കുലപതിക്ക് സമർപ്പിച്ചു.

താനും മാരകരോഗങ്ങളെ അതിജീവിച്ചയാൾ:ടി.പത്മനാഭൻ

തലശ്ശേരി: മാരക രോഗങ്ങളെല്ലാം വന്നുപെട്ട ഒരാളാണ് താനുമെന്ന് അമൃതം 2004ൽ പ്രഭാഷണം നടത്തിയ കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.വിദ്യാർത്ഥിയായിരിക്കെ ആദ്യം വന്നത് വസൂരി. തെരുവുകളിൽ പാവപ്പെട്ടവരുടെ അനാഥശരീരങ്ങൾ കിടക്കുന്നത് അന്ന് കണ്ടിട്ടുണ്ട്.'ത്യാഗത്തിന്റെ രൂപങ്ങൾ എന്ന തന്റെ കഥ ആ ജീവിതാനുഭവമാണ്. പിന്നീട് കോളറയേയും ചിക്കൻ ഗുനിയയേയും മറികടന്നു.ഒടുവിൽ കൊവിഡിനേയും അതിജീവിച്ചു. ചികിത്സക്കുമപ്പുറം വേണ്ടത് അനുകമ്പയും സഹകരണവുമാണ്. മരുന്നിനേക്കാൾ വലുതാണ് ഹൃദ്യമായ പെരുമാറ്റം.കോടിയേരിയുടേയും, പിണറായിയുടേയും ശ്രമഫലമായാണ് ഈ സ്ഥാപനം ഉയർന്നുവന്നതെന്നും സ്പീക്കർ ഷംസീർ തന്റെ പ്രവർത്തനത്തിന്റെ സിംഹഭാഗവും എം.സി.സി.യുടെ വളർച്ചക്കായി ഉപയോഗിക്കുന്നുവെന്നത് അഭിമാനകരമാണെന്നും കഥാകൃത്ത് പറഞ്ഞു.

അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ പ്രചോദനം: മുഖ്യമന്ത്രി ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധീരതയോടെ മറികടന്ന് മുന്നോട്ട് പോകുവാൻ ഓരോ മനുഷ്യനും നാടിനാകെയും പ്രചോദനമാകുന്നതാണ് അർബുദത്തെ അതിജീവിച്ചവരുടെ സംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. 2001 ൽ എം സി സി സ്ഥാപിക്കപ്പെട്ടത് മലബാർ മേഖലയിലുള്ള അർബുദ രോഗികൾക്ക് വലിയ ആശ്വാസമായി മാറി. ഇന്ന് കേരളത്തിലെ അർബുദ ചികിത്സയിലും ഗവേഷണത്തിലും അവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി എം.സി സി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement