ഉണ്ണിത്താനെതിരെ യുദ്ധം തുടങ്ങുന്നുവെന്ന് ബാലകൃഷ്ണൻ പെരിയ
കാസർകോട്: പെരിയയിലെ രക്തസാക്ഷി കുടുംബങ്ങളുമായി പുലബന്ധമില്ലാതെ ഉണ്ണിത്താൻ അന്വേഷണ സമിതിയെയും ഡി.സി.സി പ്രസിഡന്റിനെയും സ്വാധീനിച്ച് തങ്ങളെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന് അച്ചടക്കനടപടിക്ക് വിധേയനായ കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ. ഉണ്ണിത്താനെതിരെയുള്ള യുദ്ധം തുടങ്ങുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഉണ്ണിത്താനെ പേടിച്ചിട്ടാണ് കെ.സുധാകരൻ ഈ നടപടി എടുത്തത്. കെ.പി.സി.സി പ്രസിഡന്റിനെതിരെയും തനിക്ക് പറയാനുണ്ട്. തെളിവുകൾ തന്റെ പക്കലുണ്ട്. സമയമാകുമ്പോൾ അക്കാര്യം വെളിപ്പെടുത്തും. രാഷ്ട്രീയം കലരാത്ത കല്ല്യാണ സൽക്കാര ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കൽ. അതിൽ തന്റെ ഭാഗത്ത് നിന്ന് ഒരു ജാഗ്രത കുറവും ഉണ്ടായിട്ടില്ല. ചടങ്ങിൽ എത്തി ഹസ്തദാനം ചെയ്ത ഉടനെ മംഗളുരുവിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു താൻ. ആ കല്ല്യാണത്തിൽ പെരിയയിലെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉണ്ടായിരുന്നു.
മതപരമായ സംഘർഷത്തിൽ നിന്ന് ഉണ്ണിത്താൻ മുതലെടുത്തു
ജില്ലയിലെ കോൺഗ്രസിനെ തകർത്ത ഉണ്ണിത്താൻ മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ശ്രമിച്ചത്. നെറ്റിയിലെ കുറി മായ്ച്ചു. ദുർമന്ത്രവാദത്തിന്റെ പേരിൽ കോൺഗ്രസ് ഓഫീസിൽ നിന്ന് സാധനങ്ങൾ എടുത്തുമാറ്റി. ഡി സി സി പ്രസിഡന്റ് പി കെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു. ദേശീയതലത്തിൽ സി പി എമ്മും കോൺഗ്രസും ചങ്കോട് ചങ്കായി പ്രവർത്തിക്കുമ്പോഴാണ് കല്യാണത്തിന് പോയെന്ന് പറഞ്ഞു പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന വിരോധാഭാസം. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഇതന്റെ പേരിൽ പാർട്ടിയെ തള്ളിപ്പറയാൻ ഒരുക്കവുമല്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. നടപടിക്ക് വിധേയരായ രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ എന്നിവരും ബാലകൃഷ്ണനൊപ്പം മാദ്ധ്യമപ്രവർത്തകരെ കാണാനെത്തിയിരുന്നു.