കള്ളക്കുറിച്ചി ദുരന്തം; തമിഴ്നാട് സഭ പ്രക്ഷുബ്ധം

Sunday 23 June 2024 2:17 AM IST

ചെന്നൈ: 53 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തുടർച്ചയായ രണ്ടാം ദിവസവും തമിഴ്നാട് നിയമസഭ പ്രക്ഷുബ്‌ധമായി. ദുരന്തത്തെക്കുറിച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭയിൽ ബഹളമായി. കറുത്ത വസ്ത്രം അണിഞ്ഞ് പ്ലക്കാർഡുകളുയർത്തിയാണ് എം.എൽ.എമാർ സഭയിലെത്തിയത്. സഭ നിറുത്തിവച്ച് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം അടിന്തരമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ എം.അപ്പാവു നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
തുടർന്ന് വാക്കൗട്ട് നടത്തി. വേദനാജനകമായ വിഷയത്തിൽ എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം കളിക്കുകയാണെന്ന് സർക്കാർ തിരിച്ചടിച്ചു. സി.ബി.ഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. അതിനിടെ വിവിധ ആശുപത്രികളിൽ കഴിയുന്ന 140ഓളം പേരുടെ നില തൃപ്തികരമാണെന്ന് കള്ളക്കുറിച്ചി കളക്‌ടർ എം.എസ് പ്രശാന്ത് അറിയിച്ചു. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനധിക‌ൃത

മദ്യം പിടികൂടി

തിരുച്ചിറപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 250 ലിറ്റർ അനധികൃത മദ്യം പൊലീസ് നശിപ്പിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ പ്രദീപ് കുമാറിന്റെയും പൊലീസ് സൂപ്രണ്ട് വരുൺ കുമാറിന്റെയും നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

Advertisement
Advertisement