വിലയിൽ പൊള്ളിച്ച് പരിപ്പ്, മത്തി, തക്കാളി.. പൊറുതിമുട്ടി ജനം

Sunday 23 June 2024 12:12 AM IST

തൃശൂർ: പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും ധാന്യവർഗങ്ങൾക്കും മീനിനും ഇറച്ചിക്കുമെല്ലാം വില കുതിച്ചുയരുമ്പോൾ കൈയിൽ പണമില്ലാതെ നട്ടം തിരിയുകയാണ് ജനം. മഴ കനത്തതോടെ തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും പണിയില്ല. ട്രോളിംഗ് നിരാേധനം കാരണം മത്സ്യത്തൊഴിലാളികളും പട്ടിണിയിലാണ്. തുവരപ്പരിപ്പിനും മത്തിക്കും തക്കാളിക്കുമെല്ലാം വൻ വിലക്കയറ്റമാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.

വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികൾ. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30ൽ നിന്നും 64 രൂപയായി. ഉള്ളിക്കും ബീൻസ് അടക്കം പച്ചക്കറികൾക്കും 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 കടന്നു. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങളെത്തുടർന്ന് തമിഴ്‌നാട് പോലുള്ള അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറികൾക്ക് ഇടയ്ക്കിടെ വിലക്കയറ്റം ഉണ്ടാകാറുണ്ടെങ്കിലും പിന്നീട് കുറയാറുണ്ട്. ഇപ്പോൾ മാസങ്ങളായി പച്ചക്കറി വില ഉയർന്നു തന്നെ നിൽക്കുകയാണ്.

നാട്ടിലെ പച്ചക്കറിക്കൃഷിയും തകർന്നു. കൊവിഡ് കാലത്ത് സർക്കാരിന്റെ വിവിധ പച്ചക്കറിക്കൃഷികളിൽ പലരും ഏർപ്പെട്ടിരുന്നു. ഗ്രാമപ്രദേശങ്ങളിലടക്കം വിഷരഹിത പച്ചക്കറിച്ചന്തകൾ ആരംഭിക്കുകയും ഉത്പന്നങ്ങൾക്ക് വില കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി പലരും കൃഷി ഉപേക്ഷിച്ചു. വരൾച്ചയും വെള്ളപ്പൊക്കവും കാരണം കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ഇടപെടലിനും മാന്ദ്യം

സാമ്പത്തികമാന്ദ്യം കാരണം വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിലും മാന്ദ്യമുണ്ട്. മുൻപ് ജയ അരി, വറ്റൽ മുളക്, പിരിമുളക്, മല്ലി, കടല, വൻപയർ എന്നീ സാധനങ്ങൾ ഇടത്തട്ടുകാരെ ഒഴിവാക്കി നേരിട്ട് ഇറക്കുമതി ചെയ്യാൻ സർക്കാർ നടപടിയെടുത്തിരുന്നു. അന്ന് ആന്ധ്രാ ഭക്ഷ്യമന്ത്രിയുമായി ഇടപെട്ടാണ് ന്യായവിലയ്ക്ക് സാധനങ്ങൾ എത്തിച്ചത്. എന്നാൽ പിന്നീട് തുടർച്ചയുണ്ടായില്ല. മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും ഹോട്ടികോർപ് വിപണന ശാലകളും സജീവമായി. സാമ്പത്തിക പ്രതിസന്ധി കാരണം സപ്ലൈകോ സ്റ്റോറുകൾക്ക് സർക്കാർ സഹായം ലഭ്യമാകുന്നുമില്ല. ഓണത്തിനുള്ള വിപണന മേളകൾ മാത്രമാണ് നടക്കുന്നത്.

വിലകുറയാതെ ധാന്യവർഗങ്ങളും (കി.ഗ്രാമിന്)

അരി: 41- 50

തുവരപരിപ്പ്: 170- 190

ചെറുപയർ: 150

വൻപയർ: 130

ഉഴുന്ന് പരിപ്പ്: 150

ഗ്രീൻപീസ്: 110

കടല: 125

സെഞ്ച്വറി കടന്ന് തക്കാളി

മുരിങ്ങ: 240

ബീൻസ്: 145

ചെങ്ങാലിക്കാേടൻ പഴം: 120

തക്കാളി: 100

ചേന: 70

പയർ: 70

നേന്ത്രക്കായ: 60

കാരറ്റ്: 50

വഴുതനങ്ങ: 40

ഇളവൻ: 30

Advertisement
Advertisement