മോദി- ഷെയ്ഖ് ഹസീന കൂടിക്കാഴ്ച; പ്രതിരോധ ഭീകരവിരുദ്ധ സഹകരണം വർദ്ധിക്കും  

Sunday 23 June 2024 12:27 AM IST

ന്യൂഡൽഹി: പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും.

ഇന്ത്യയിൽ ചികിത്സയ്ക്കെത്തുന്ന ബംഗ്ലാദേശ് പൗരന്മാ‌ർക്ക് ഇ- മെഡിക്കൽ വിസ സൗകര്യം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദ്വിദിന സന്ദർശനത്തിനായി എത്തിയ ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ് പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ചർച്ച നടന്നു.
ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ജനങ്ങളുടെ സൗകര്യാർത്ഥം രംഗ്പൂരിൽ അസിസ്റ്റന്റ് ഹൈക്കമ്മിഷൻ തുറക്കാൻ ധാരണയായി. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയായ ബംഗ്ലാദേശുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നുവെന്ന് മോദി അറിയിച്ചു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ സുരക്ഷ, വ്യാപാരം, വാണിജ്യം, ഊർജ്ജം, കണക്ടിവിറ്റി, ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന ചർച്ചകൾ നടന്നു. പ്രതിരോധ ഉത്പാദനത്തിന്റെ നവീകരണം, ഭീകരവാദം, അതിർത്തികളിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിപുലമായി ചർച്ച ചെയ്തതായി നരേന്ദ്ര മോദി പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചും സംസാരിച്ചു. രാഷ്ട്രപതി ഭവനിൽ ഷെയ്ഖ് ഹസീനയ്ക്ക് ആചാരപരമായ സ്വീകരണം നൽകി. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന കൂടിക്കാഴ്‌ചയാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്ക‌റുമായി ഹസീന കൂടിക്കാഴ്‌ച നടത്തി.

ഡിജിറ്റൽ പങ്കാളിത്തം

വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് നിരവധി കരാറുകളിൽ മോദിയും ഷെയ്ഖ് ഹസീനയും ഒപ്പിട്ടു.

ഇന്ത്യ-ബംഗ്ലാദേശ് ഡിജിറ്റൽ പങ്കാളിത്തം, പരിസ്ഥിതി സംരഭങ്ങളിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ഹരിത പങ്കാളിത്തം, സമുദ്ര സുരക്ഷ, സഹകരണം, പര്യവേക്ഷണം, ആരോഗ്യ സംരക്ഷണ സഹകരണം, ബഹിരാകാശ മേഖലയിലെ സഹകരണം, റെയിൽവേ മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണ, സമുദ്ര ശാസ്ത്ര സംയുക്ത ഗവേഷണം, ദുരന്തനിവാരണ തന്ത്രങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തൽ, മത്സ്യബന്ധന മേഖലയിലെ സഹകരണം, പ്രതിരോധ പരിശീലനത്തിലെ സഹകരണം.

ചൈനാ സന്ദ‌ർശനത്തിനു മുമ്പ്

മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ വിദേശരാഷ്ട്ര മേധാവിയാണ് ഷെയ്ഖ് ഹസീന.

ഈ മാസം രണ്ടാമത്തെ വരവ്. ജൂൺ 9ന് മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനും വന്നിരുന്നു. അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെ മോദിയുടെപ്രത്യേക ക്ഷണ പ്രകാരം ഹസീന വീണ്ടും എത്തിയതെന്നത് ശ്രദ്ധേയം. ഇന്ത്യയുടെ 'അയൽപക്ക നയം" ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Advertisement
Advertisement