പുലി ഇറങ്ങിയെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചു
ചേലക്കര: ജനവാസമേഖലയിൽ പുലിയെ കണ്ടെന്ന വ്യാജ വാർത്ത പ്രചരിച്ചത് നിമിഷ നേരം കൊണ്ട്. ഇന്നലെ വൈകീട്ടോടെയാണ് പഴയന്നൂർ എളനാട് റോഡിൽ നടുപ്പക്കുണ്ട് ഭാഗത്ത് പുലി ഇറങ്ങിയതായി വാർത്ത പ്രചരിച്ചത്. പുലി റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ട് എടുത്ത വീഡിയോ എന്ന രീതിയിലായിരുന്നു പ്രചരണം. ഒപ്പം 'വെന്നൂർ പഴയന്നൂർ റോഡിൽ നടുപ്പക്കുണ്ടിൽ പുലി ഇറങ്ങി. ആവഴി പോകുന്നവരും കാടിന്റെ സമീപത്തുള്ളവരും ശ്രദ്ധിക്കുക' എന്ന സന്ദേശവും എഴുതിയിരുന്നു. മുൻകാലത്ത് വേറെ എവിടെ നിന്നോ ചിത്രീകരിച്ച വീഡിയോയാണ് നിമിഷ നേരം കൊണ്ട് ഷെയർ ചെയ്യപ്പെട്ടത്. രണ്ടു മാസം മുമ്പ് എളനാട് ഭാഗത്ത് കർഷകർ പുലിയെ കണ്ടെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ഇറങ്ങിയ വ്യാജ വീഡിയോ ശരിയാണെന്ന് കരുതി പലരും ഷെയർ ചെയ്തത്. പിന്നീട് വനപാലകരെ വിളിച്ച് യാഥാർത്ഥ്യം മനസിലാക്കിയതിനെ തുടർന്ന് പലരും ഡിലീറ്റ് ചെയ്യാൻ തുടങ്ങിയത്.