ജോലിക്കാരെ ചൂഷണം ചെയ്‌തു, ഹിന്ദുജ കുടുംബത്തിന് ജയിൽ ശിക്ഷ

Sunday 23 June 2024 7:18 AM IST

ജനീവ: വീട്ടുജോലിക്കാരെ ചൂഷണം ചെയ്‌തെന്ന കേസിൽ ഹിന്ദുജ ഗ്രൂപ്പിന്റെ യൂറോപ്പ് വിഭാഗം ചെയർമാനും ഇന്ത്യൻ വംശജനുമായ പ്രകാശ് ഹിന്ദുജയ്ക്കും (78) കുടുംബത്തിനും തടവുശിക്ഷ വിധിച്ച് സ്വിസ് കോടതി. പ്രകാശിനും ഭാര്യ കമലിനും നാലര വർഷവും മകൻ അജയ്, മരുമകൾ നമ്രത എന്നിവർക്ക് നാല് വർഷവും വീതമാണ് ശിക്ഷ. സ്വിറ്റ്സർലൻഡിലെ ജനീവ തടാക തീരത്തുള്ള ഇവരുടെ ആഡംബര വസതിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജരെ ചൂഷണം ചെയ്തെന്നാണ് കേസ്. ജോലിക്കാരെ ഒരു ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്ന് കണ്ടെത്തി. 660 രൂപ വരെയാണ് ( 7 സ്വിസ് ഫ്രാങ്ക് ) പ്രതിദിനം പ്രതിഫലം നൽകിയിരുന്നത്. വളർത്തുനായകൾക്കായി ഇതിലും ഉയർന്ന തുകയാണ് കുടുംബം ചെലവഴിച്ചിരുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

ഇത്രയും മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്നതും കുറഞ്ഞ പ്രതിഫലം നൽകുന്നതും സ്വിസ് നിയമങ്ങൾക്ക് എതിരാണ്. അനധികൃതമായി ജോലി നൽകി, ജോലിക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവച്ചു, വീടിന് പുറത്തുപോകാൻ അനുവദിച്ചില്ല തുടങ്ങിയ വീഴ്ചകളും കോടതി കണ്ടെത്തി. എന്നാൽ മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേ സമയം, വിധി പുറപ്പെടുവിക്കുമ്പോൾ നാല് പേരും കോടതിയിൽ ഹാജരായിരുന്നില്ല. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 3700 കോടി പൗണ്ടിന്റെ ആസ്തിയാണ് പ്രകാശിന്. ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകനും ഇന്ത്യൻ വ്യവസായിയും ആയിരുന്ന പർമാനന്ദ് ഹിന്ദുജയുടെ അഞ്ച് മക്കളിൽ നാലാമത്തെയാളാണ് പ്രകാശ്. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരിലൊന്നാണ് പ്രകാശിന്റെ മുതിർന്ന സഹോദരൻമാരായ ശ്രീചന്ദ്, ഗോപിചന്ദ് എന്നിവരുടെ കുടുംബാംഗങ്ങൾ ചേർന്ന ' ഹിന്ദുജ കുടുംബം'. ശ്രീചന്ദ് ഹിന്ദുജ (എസ്.പി. ഹിന്ദുജ) കഴിഞ്ഞ വർഷം അന്തരിച്ചു.

Advertisement
Advertisement