കോസ്റ്റ റീക്കയിലെ തെരുവ് നായകളുടെ നാട്

Sunday 23 June 2024 7:30 AM IST

സാൻ ഹോസെ: നായകളെ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. മനുഷ്യനോട് ഇത്രയധികം നീതി പുലർത്തുന്ന മറ്റൊരു ജീവി വർഗമില്ലെന്ന് പറയുന്നതാകും ശരി. നായപ്രേമികൾക്കും നായകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരിടമുണ്ട് മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക്കയിൽ.

ഇവിടുത്തെ ഹെറഡിയ പ്രവിശ്യയിലെ സാന്റാ ബാർബറ മലനിരകളിലാണ് ' ടെറിറ്റോറിയോ ഡി സാഗ്വാ‌‌ട്‌സ് ' എന്ന നായ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ' തെരുവ് നായകളുടെ നാട് ' എന്നാണ് ' ടെറിറ്റോറിയോ ഡി സാഗ്വാട്‌സ് ‌' എന്ന പേരിന്റെ അർത്ഥം. കോസ്‌റ്റ റീക്കയിലെ നിത്യഹരിത വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിലൂടെ അങ്ങോളം ഇങ്ങോളം സ്വാതന്ത്ര്യത്തോടെ നായകൾ ഓടി നടക്കുന്നത് കാണാം.

ശരിക്കും ഇവിടം ഒരു ഫാമായിരുന്നു. ആൽവെരി സൗമെറ്റ്, ഭാര്യ ലൈയാ ബാറ്റിൽ എന്നിവരുടെ ഉടമസ്ഥതതയിലായിരുന്ന ഫാമിനെ ഒരു വലിയ നായ സംരക്ഷണ കേന്ദ്രമാക്കി മാറ്റാൻ അവർ തീരുമാനിക്കുകയായിരുന്നു. 378 ഏക്കർ വരുന്ന ഫാം പ്രദേശത്ത് ഇപ്പോൾ 1,300 ത്തിലേറെ നായകളുണ്ട്.

രോഗങ്ങൾ,​ വൈകല്യങ്ങൾ,​ മനുഷ്യരിൽ നിന്നുള്ള ഉപദ്രവങ്ങൾ, പട്ടിണി തുടങ്ങിയ ദുരിതങ്ങളിൽ നിന്നും കരകയറിയ നിരവധി നായകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. 2008ലാണ് ഈ അഭയകേന്ദ്രം ആരംഭിച്ചത്. ഇവിടെ നിന്ന് നായകളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നായകൾക്കൊപ്പം സമയം ചെലവിട്ട് ഇഷ്‌ടമുള്ളതിനെ തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

പകൽ സമയം നായകൾക്ക് പൂർണ സ്വാതന്ത്ര്യമാണ്. ഫാമിലുടെനീളം കറങ്ങി നടക്കാം. നായകളെ പരിപാലിക്കാൻ പ്രത്യേക വോളന്റിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരോട് വളരെ ഇണക്കമുള്ള സ്വഭാവമാണ് ഇവിടുത്തെ നായകൾക്ക്. നായകൾക്കുള്ള ആഹാരവും വെള്ളവും എപ്പോഴും സജ്ജമായിരിക്കും.

കുറഞ്ഞത് 858 പൗണ്ട് ആഹാരം ദിനംപ്രതി നായകൾക്ക് വേണ്ടി വരും. സന്ദർശകർ നായകളുടെ സംരക്ഷണത്തിന് സംഭാവന നൽകുന്നതിലൂടെയും മറ്റുമാണ് ഈ സംരക്ഷണ കേന്ദ്രം മുന്നോട്ട് പോകുന്നത്.

Advertisement
Advertisement