ഞാനും അങ്ങനെതന്നെ !
ന്യൂയോർക്ക് : സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയുമൊക്കെ അനുകരിച്ച് അവരുടെ സ്റ്റൈലിൽ നടക്കുന്ന സൂപ്പർ ഫാനുകളെ നമുക്ക് അറിയാം. ചിലർക്കാകട്ടെ തന്റെ ആരാധനാപാത്രത്തെ പോലെയാകാൻ എത്ര വേണമെങ്കിലും പൈസ മുടക്കുന്നതിൽ യാതൊരു മടിയുമില്ലതാനും. മല്ലോറി ബൗളിംഗ് എന്ന 36കാരി ബ്രിട്ടനിലെ കേറ്റ് മിഡിൽടൺ രാജകുമാരിയുടെ കടുത്ത ആരാധികയാണ്.
കേറ്റ് ഏത് വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നുവോ അതിന്റെയെല്ലാം മോഡൽ തനിക്കും വേണമെന്ന് ഈ വാഷിംഗ്ടൺകാരിക്ക് നിർബന്ധമാണ്. ഇതിനായി ആയിരക്കണക്കിന് ഡോളറുകളാണ് ഇവർ ചെലവാക്കുന്നത്. കേറ്റിന്റെ അതേ പോസിൽ തന്നെയുള്ള ഫോട്ടോകളും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 2011മുതലാണ് മല്ലോറിയ്ക്ക് ഇങ്ങനെയൊരു ആരാധന തുടങ്ങിയത്.
തന്നെ കൂടാതെ കേറ്റിന്റെ വേറെയും ആരാധികമാരും തന്നോടൊപ്പമുണ്ടെന്നും ഇവർ പറയുന്നു. മല്ലോറിയുടെ കല്യാണ വസ്ത്രവും ടിയാരയും കേക്കുമെല്ലാം കേറ്റ് - വില്യം വിവാഹത്തെ അനുകരിച്ചുകൊണ്ടായിരുന്നു. അഭിഭാഷകരാണ് മല്ലോറിയും ഭർത്താവ് ജെയിംസും. യു.കെയിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും കേറ്റിനെ നേരിൽ കാണാനായിട്ടില്ല. ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് മല്ലോറിയെ ഫോളോ ചെയ്യുന്നത്.
അതേ സമയം, ക്യാൻസർ ചികിത്സയിൽ കഴിയുന്ന കേറ്റ് ഡിസംബർ മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കേറ്റിന്റെ ചികിത്സയിൽ പുരോഗതിയുണ്ടെന്ന് രാജകുടുംബ വൃത്തങ്ങൾ പറയുന്നു. അടുത്തിടെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക ജന്മദിന പരേഡിൽ കേറ്റ് പങ്കെടുത്തിരുന്നു. ചാൾസിന്റെ മൂത്തമകനും അടുത്ത കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കേറ്റ്.