'മുഖ്യമന്ത്രി മുണ്ടുടുത്ത മോദി, പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതാണ് ഹീറോയിസം'; വിമർശിച്ച് ചന്ദ്രിക

Sunday 23 June 2024 9:59 AM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക ദിനപത്രം. മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാടെന്നാണ് വിമർശനം. പിണറായി വിജയനെ ലക്ഷ്യംവച്ചാണ് സിപിഎം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റ് പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചുപറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുഖപ്രസംഗത്തിലെ വിമർശനം

മുസ്ലീം ലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു. ഒരു വിഭാഗത്തിന്റെ പിന്തുണക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പിആർ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടി കിട്ടുമെന്ന് കരുതിയാണ് ഇപ്പോൾ വാർഡുകൾ വെട്ടിക്കീറുന്നത്.

വീണ്ടും തോറ്റാൽ സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ തിരയേണ്ടി വരുമെന്ന് നേതാക്കൾ പോലും പറയുന്നു.സിപിഎമ്മിലെ ഈഴവ വോട്ടുകൾ സംഘപരിവാരത്തിലേക്ക് ഹോൾസെയിലായി എത്തിക്കുന്ന പാലമാണ് വെള്ളാപ്പള്ളി. നവോത്ഥാന മതിൽ കെട്ടാൻ കരാർ നൽകിയ പിണറായിയും പാർട്ടിയും ഇപ്പോഴും ഇത് തിരിച്ചറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയിലേക്ക് വിമർശനം ഉയർന്നപ്പോൾ ന്യായീകരണം ചമയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാടുപ്പെട്ടു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം മാറുകയാണെന്നും, തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെങ്കിലും യുഡിഎഫിന് അഭിമാനിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെടുകയല്ലേയെന്ന് അവർ ചിന്തിക്കണം. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേതും എസ്ഡിപിഐയുടെയും മുഖമായി മാറിയാൽ എങ്ങനെയിരിക്കും. എന്താണ് ജമാ അത്തെ ഇസ്ലാമിയെന്നും എസ്ഡിപിഐയെന്നും അറിയാത്തവരല്ല കോൺഗ്രസ്. നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാൻ പാടില്ലാത്തവരെ കൂട്ടി. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത് എൽഡിഎഫിനെതിരായ വികാരം കൊണ്ടല്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണ്.

രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ ശ്രമിച്ചു. കേരളത്തിലെത്തുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ സമരസവും സമവായവും ഉണ്ടാവുന്നു. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല .കേരളത്തിൽ ബിജെപി സ്ഥിരമായി കിട്ടുന്ന വോട്ടിനപ്പുറം പിന്തുണ നേടി. ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തത് ശരിയായോയെന്ന് ചിന്തിക്കണം.

കേന്ദ്ര സർക്കാറിന്റെ ഇടപെടലിലൂടെ ചിലരെ സ്വാധീനിച്ചു. ബിജെപിയിലെയും ഭരണ തലത്തിലെയും ഉന്നതർ ഇത്തരം ചില വിഭാഗങ്ങളുടെ മേധാവികളുമായി ചർച്ച ചെയ്തത് രഹസ്യമല്ല. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, അവർ തിരുത്തണം. തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതാണ് ബിജെപിയെ പിറകോട്ടടിച്ചത്. പരാജയപ്പെടുത്താനാവാത്ത കക്ഷിയല്ല ബിജെപിയെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement