പൊട്ട് കുത്തി, മുടി അഴിച്ചിട്ടു, പാട്ടും കൂടി വന്നപ്പോൾ ശ്രീവിദ്യാമ്മയായി; 70 ലക്ഷം പേർ കണ്ട വീഡിയോ പിറന്നത്
33 വർഷം മുൻപ് ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് സിനിമയിൽ ശ്രീവിദ്യ അവതരിപ്പിച്ച വസുന്ധര ദേവി എന്ന കഥാപാത്രത്തിന്റെ മേക്കോവറിൽ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ് വീണ നായർ. സൂപ്പർ ഹിറ്റായ മാറിയ 'ആലാപനം തേടും തായ്മനം" എന്ന ഗാന രംഗവുമായി എത്തിയ റീൽസ് വീഡിയോ ആറു ദിവസം കൊണ്ട് കണ്ടത് 70 ലക്ഷം പേർ . സിനിമയിൽ തന്റെ ഒരു കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തെന്ന പ്രതീതിയാണെന്നും വീണ നായർ പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച അനുഭവം ആസ്വദിക്കുകയാണെന്ന് വീണ നായർ പറയുന്നു.
ശാലീനസൗന്ദര്യത്തിനും അപ്പുറമാണ് ശ്രീവിദ്യാമ്മ. നടി എന്ന നിലയിൽ കഥാപാത്രമായി മാറുന്നത് ഇപ്പോഴും അത്ഭുതത്തോടെയാണ് കാണുന്നത്. ദൂരദർശനിൽ സസ്നേഹം സീരിയലിൽ ഞാൻ അഭിനയിക്കുമ്പോഴാണ് ശ്രീവിദ്യാമ്മ മരിക്കുന്നത്. സിനിമയിലൂടെ മാത്രമേ കണ്ടിട്ടുള്ളു. എന്നും എന്റെ പ്രിയ അഭിനേത്രിയാണ് ശ്രീവിദ്യാമ്മ. കുറെ വർഷങ്ങളായി ആഗ്രഹിക്കുന്നതാണ് ശ്രീവിദ്യാമ്മയുടെ മേക്കോവർ ചെയ്യുക എന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് മഞ്ജു ചേച്ചിയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ശ്രീവിദ്യാമ്മയുടെ സൗന്ദര്യം എനിക്ക് ഇല്ല. 'എവിടെയോ നിനക്ക് വിദ്യാമ്മയുടെ ഒരു ഛായയുണ്ടെന്ന് " ശ്രീലത ആന്റിയും ( ശ്രീലത നമ്പൂതിരി) ലളിതാമ്മയും ( കെ. പി. എ. സി ലളിത) പറഞ്ഞിട്ടുണ്ട്. മേ ഹൂം മൂസയിൽ അഭിനയിക്കുമ്പോൾ തനിക്കും ഇത് അനുഭവപ്പെട്ടതായി സുരേഷ് ഗോപി സാർ പറഞ്ഞു.
പെട്ടെന്നായിരുന്നു മേക്കോവർ ഷൂട്ട്.'ആലാപനം തേടും തായ്മനം" ഗാനരംഗം പുനരാവിഷ്കരിക്കാമെന്ന് തീരുമാനിച്ചു. മഞ്ഞനിറം സാരി ബിഗ്ബോസ് ശോഭയുടെ വീവേഴ്സ് വില്ലേജിൽനിന്നാണ്. കല്ലുപതിച്ച മാല, അതേ പോലെ വളയും കമ്മലും എല്ലാം സംഘടിപ്പിച്ചു. വീണയും തംബുരുവും വിളക്കും വാടകയ്ക്ക് എടുത്തു. ഷൂട്ട് നടന്നത് എന്റെ ഫ്ളാറ്റിൽ. വീതിയുള്ള പുരികമാണ് എന്റേത്. പാട്ടിന്റെ വീഡിയോയിൽ ശ്രീവിദ്യാമ്മയ്ക്ക് വീതി കുറഞ്ഞ പുരികമായിരുന്നു. പുരികം വീതി കുറച്ചതാണ് മുഖത്ത് വരുത്തിയ മാറ്റം. സാധാരണ മേക്കപ്പ്. പൊട്ട് കുത്തി, മുടി അഴിച്ചിട്ടു. ഒപ്പം പാട്ടുംകൂടി വന്നപ്പോൾ ശ്രീവിദ്യാമ്മയുമായി എന്തോ ഒരു ബന്ധം വന്നു.മകളോടുള്ള സ്നേഹ വാത്സല്യത്തിൽ ശ്രീവിദ്യാമ്മയുടെ മുഖത്ത് ഉണ്ടായ ഭാവങ്ങൾ മൂന്ന് ജന്മം കൊണ്ടും എനിക്ക് സാധിക്കില്ല.
ഒരുപാട് പ്രാവശ്യം വീഡിയോ കണ്ടു എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യാമ്മയെ അനുകരിക്കാൻ ശ്രമിച്ചില്ല. വീണയായാണ് ഞാൻ ചെയ്തത്. എബിൻ നല്ല രസമായി ഷോട്ടും ലൈറ്റ്സും വച്ചു. സ്റ്റൈലിംഗ് ചെയ്തത് നിതിൻ. ടീമിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു. അമ്പാടി (മകൻ) വരെ സപ്പോർട്ട് ചെയ്തു. എന്റെ ഇൻസ്റ്റ അക്കൗണ്ടിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. എന്നെ ഫോളോ ചെയ്യാത്തവർ ഫോളോ ചെയ്യാൻ തുടങ്ങി.മഞ്ജു ചേച്ചിയുടെ ( മഞ്ജു വാര്യർ) അക്കൗണ്ടിൽ സ്റ്റോറിയായി എന്നെ ടാഗ് ചെയ്ത് അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സന്തോഷം. ദൈവം അനുഗ്രഹിച്ച് എല്ലാം ഒത്തുവന്നു . മനസുകൊണ്ട് ശ്രീവിദ്യാമ്മയെ വിളിച്ചു പ്രാർത്ഥിച്ചു. എന്റെ സൂര്യപുത്രിക്ക് കൊറിയോഗ്രഫി ചെയ്ത ശാന്തി മാസ്റ്റർ എവിടെനിന്നോ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചു. അതിൽപ്പരം വേറെ അവാർഡൊന്നും കിട്ടാനില്ല.