'സൽമാൻ ഖാനെ ഞാൻ കെട്ടിപ്പിടിച്ചത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല'; അന്ന് കരയേണ്ടിവന്നുവെന്ന് നടി രംഭ

Sunday 23 June 2024 2:21 PM IST

തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രംഭ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഉയരങ്ങൾ കയ്യടക്കിയ ശേഷം രംഭ അഭിനയജീവിതം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് താരം.

എന്നാൽ ഇന്നും സിനിമ പ്രേമികൾക്ക് രംഭയെ മറക്കാൻ കഴി‌ഞ്ഞിട്ടില്ല. അടുത്തിടെ താരത്തിന്റെ ഒരു അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു. സൂപ്പർ താരം രജനികാന്തും രംഭയും പ്രധാന കഥാപാത്രങ്ങളിലെത്തിയ 'അരുണാചലം' എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന ചില കാര്യങ്ങളാണ് അഭിമുഖത്തിൽ രംഭ പറഞ്ഞത്. ഷൂട്ടിംഗിനിടെ രജനികാന്ത് തന്നെ കളിയാക്കിയെന്നും അന്ന് കരയേണ്ടിവന്നുവെന്നും രംഭ പറഞ്ഞു.

'അരുണാചലത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ നടൻ സൽമാൻ ഖാനൊപ്പം 'ബന്ധൻ' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. രാവിലെ രജനിസാറിന്റെ സിനിമയിലും ഉച്ച മുതൽ സൽമാൻ ഖാന്റെ സിനിമയിലുമാണ് അഭിനയിക്കുന്നത്. ഒരു ദിവസം അരുണാചലത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ സൽമാൻ ഖാനും ജാക്കി ഷ്‌റോഫും എത്തി.

അവരെ കണ്ടപ്പോൾ ഞാൻ കെട്ടിപ്പിടിച്ചു. അത് അവിടുത്തെ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രജനി സാർ അത് ശ്രദ്ധിച്ചു. അവർ പോയതിന് ശേഷം സെറ്റിൽ എല്ലാവരും ദേഷ്യത്തോടെയാണ് എന്നെ നോക്കിയത്. ആദ്യം എനിക്ക് കാര്യം മനസിലായില്ല. ക്യാമറമാൻ യു കെ സെന്തിൽ കുമാറാണ് എന്നോട് കാര്യം പറഞ്ഞത്. നീ എന്താണ് ചെയ്തുവച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ആദ്യം എനിക്ക് ഒന്നും മനസിലായില്ല. രജനി സാറിന് ദേഷ്യം വന്നെന്നും പറഞ്ഞു. എന്റെ കൂടെ രജനി സാർ അഭിനയിക്കില്ലെന്ന് പറഞ്ഞതായും സെറ്റിലുള്ളവർ പറഞ്ഞു. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി കരയാൻ തുടങ്ങി.

അപ്പോൾ രജനികാന്ത് ഓടിവന്നു. ആശ്വസിപ്പിച്ചു. പിന്നെ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു. എങ്ങനെയാണ് സൽമാൻ ഖാനെ നിങ്ങൾ സ്വാഗതം ചെയ്തത്? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ ഗുഡ് മോർണിംഗ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ ആയതുകൊണ്ടാണോ അവരോട് അങ്ങനെ ചെയ്യുന്നത്. ഇവിടെ വരുമ്പോൾ ഹായ് സാർ എന്ന് പറഞ്ഞ ശേഷം അവിടെ എവിടേലും പോയി ഇരുന്നു ഒരു പുസ്തകം വായിക്കും അത്രയല്ലേ ചെയ്യാറുള്ളു. അതിനർഥം വടക്കൻ ജനതയെ ബഹുമാനിക്കുകയും തെക്കൻ ജനത നിങ്ങൾക്ക് വളരെ ചെറുതുമാണെന്നല്ലേ. എന്നൊക്കെ രജനി സാർ ചോദിച്ചു. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്', അത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും രംഭ പറഞ്ഞു.

Advertisement
Advertisement