ജില്ലയിൽ ഭൂരിഭാഗവും അനധികൃതം.... അറുവശാലകൾ കണ്ടാൽ അറയ്ക്കും

Monday 24 June 2024 12:46 AM IST

കോട്ടയം : ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവർ‌ ഒന്നോർക്കുക ജില്ലയിൽ ലൈസൻസുള്ള അറവുശാലകൾ വിരലിൽ എണ്ണാവുന്നത് മാത്രം. നൂറോളം അറവുശാലകളും ഞായറാഴ്ചകളിൽ അതിന്റെ ഇരട്ടിയും തുറക്കുന്നുണ്ട്. മോശം ഇറച്ചി തീൻമേശകളിൽ എത്തുന്നെന്ന പരാതിയും വ്യാപകമാണ്.

നല്ല ഇറച്ചി ലഭ്യമാക്കാനാണ് ലൈസൻസ് നിർബന്ധമാക്കിയത്. എന്നാൽ വഴിയരികിൽ മാടിനെ അറുത്ത് താത്കാലിക സ്റ്റാളുകളുണ്ടാക്കിയാണ് വില്പന. ഭൂരിഭാഗം ഇടങ്ങളിലും വൃത്തി ഏഴയലത്തില്ല. മാലിന്യ സംസ്‌കരണത്തിന് മാർഗമില്ല. അറവുമാടുകളെ വെറ്ററിനറി സർജൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നത് ചട്ടത്തിൽ മാത്രമൊതുങ്ങി. മാംസം തൂക്കിയിട്ട് പ്രദർശിപ്പിക്കുന്നതും തുടരുകയാണ്. അറവുശാലയുടെ പിന്നിലെ തുറസായ സ്ഥലത്ത് മാടുകളെ അറത്തും തലയ്ക്കടിച്ചും കൊല്ലുന്നത് കാണാം. രോഗം ബാധിച്ചതോ ചത്തതോ ആയ മാടുകളുടെ ഇറച്ചി വിൽക്കാൻ കഴിയില്ലെങ്കിലും ഇതെല്ലാം ലംഘിക്കുകയാണ്.

ആധുനിക അറവുശാല : ഇടപെട്ട് ഹൈക്കോടതി
കോടികൾ മുടക്കി നിർമ്മിച്ചിട്ടും ഇതുവരെ പ്രവർത്തിക്കാത്ത കോട്ടയം നഗരസഭയുടെ ആധനിക അറവുശാല എന്ന് തുടങ്ങുമെന്ന് 15 ദിവസത്തിനുള്ളിൽ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പ്രവർത്തിന് തടസമായി നഗരസഭ ചൂണ്ടിക്കാട്ടിയിരുന്ന മാലിന്യ ശുദ്ധീകരണ പ്ലാന്റ് പൂർത്തിയാക്കുന്നത് സംബന്ധിച്ചും അറിയിക്കണം. മീറ്റ് ഇൻഡസ്ട്രീസ് വെയൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ. സലിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നഗരത്തിൽ പ്രതിദിനം വിൽക്കുന്നത് : 3000 കിലോ ബീഫ്

കിട്ടാനില്ല നല്ല ഇറച്ചി

 ബേക്കറി ഉത്പന്നങ്ങളിലടക്കം സുനാമി ഇറച്ചി

 മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കശാപ്പ്

 രോഗം വന്ന മാടുകളുടെ ഇറച്ചിയും തീൻമേശയിൽ

അറവുശാല മാലിന്യങ്ങൾ ഓടകളിലേക്ക്

പരിശോധന നടത്താതെ അധികൃതർ

'' പച്ചക്കറി, മീൻ വണ്ടികളിൽ പോലും സുനാമി ഇറച്ചി ജില്ലയിൽ കൊണ്ടുവരുന്നുണ്ട്. അറവ് ശാലയിലെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ കൂറ്റൻ ടാങ്കുണ്ട്. ആധുനിക അറവുശാല തുറക്കാത്തത് മോശം ഇറച്ചി വിപണിയിൽ എത്താൻ കാരണമാകും''

എം.എ. സലിം, ദേശീയ പ്രസിഡന്റ്, മീറ്റ് ഇൻഡസ്ട്രീസ് വെയൽഫെയർ അസോ.

Advertisement
Advertisement